പൊലീസ് വരുത്തിയത് വൻ വീഴ്ച: എ.കെ.ജി സെന്റർ അക്രമിക്കായി തിരച്ചിൽ നടത്താൻ വൈകി
text_fieldsതിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ അക്രമം നടന്ന് 24 മണിക്കൂർ പിന്നിടുമ്പോഴും അക്രമിയെ കണ്ടെത്താനാകാത്തത് പൊലീസിന് ക്ഷീണമാകുന്നു. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന് പിന്നാലെ ഇൻറലിജൻസ് നിർദേശപ്രകാരം എ.കെ.ജി സെന്ററിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഇത് മറികടന്നാണ് വ്യാഴാഴ്ച രാത്രി ബൈക്കിലെത്തിയ അജ്ഞാതൻ സ്ഫോടകവസ്തു എറിഞ്ഞ് രക്ഷപ്പെട്ടത്.
അക്രമിയെ പിന്തുടർന്ന് പിടികൂടുന്നതിന് പകരം കൺട്രോൾ റൂമിൽ വിവരമറിയിച്ച് കൈയുംകെട്ടി നോക്കിനിൽക്കുകയാണ് സിറ്റി പൊലീസ് ചെയ്തതെന്നാണ് ആക്ഷേപം. 20 മിനിറ്റ് കഴിഞ്ഞ് കന്റോൺമെന്റ് സി.ഐ ബി.എം. ഷാഫിയും സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാറും എ.കെ.ജി സെന്ററിലെത്തിയശേഷം വിവിധ സംഘങ്ങളായി തിരിഞ്ഞ് അർധരാത്രിയോടെയാണ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചത്. അപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. 'സ്ട്രൈക്കർ പാർട്ടി' അടക്കം സെന്ററിന് മുന്നിലുണ്ടായിരുന്നിട്ടും അക്രമം ഉണ്ടായയുടൻ എന്തുകൊണ്ട് പൊലീസ് പിന്തുടർന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്തുള്ള എ.കെ.ജി സെന്ററിൽ സ്ഫോടകവസ്തു എറിഞ്ഞത് സർക്കാറിനും നാണക്കേടായി.
സംഭവം നടക്കുമ്പോൾ എട്ടോളം പൊലീസുകാർ എ.കെ.ജി സെന്ററിന് മുന്നിലുണ്ടായിരുന്നെന്ന് ഓഫിസ് സെക്രട്ടറി ബിജു കണ്ടക്കൈ മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാരും പുറത്തുണ്ടായിരുന്നു. എന്നാൽ, സ്ഫോടകവസ്തു എറിഞ്ഞ ഭാഗത്ത് പൊലീസ് ഇല്ലായിരുന്നു. ആദ്യം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. പിന്നീട് സി.സി.ടി.വി നോക്കിയപ്പോഴാണ് കാര്യം വ്യക്തമായത്. രണ്ട് ബൈക്കുകളിലായി കുന്നുകുഴി ഭാഗത്തുനിന്നാണ് അക്രമികൾ എത്തിയത്. ആദ്യ ബൈക്ക് റോഡിൽ നിർത്തിയില്ല. രണ്ടാമത്തെ ബൈക്കിലെത്തിയയാളാണ് സ്ഫോടകവസ്തു പ്രവേശന കവാടത്തിലെ മതിലിലേക്ക് വലിച്ചെറിഞ്ഞതെന്നും ബിജു കണ്ടക്കൈ പറഞ്ഞു. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാർ അറിയിച്ചു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഡി.സി.സിക്കും ഇന്ദിരഭവനും കെ.പി.സി.സി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും ഔദ്യോഗിക വസതികൾക്കും പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

