പൊലീസ് മേധാവിയെ ഇന്നറിയാം; മുൻതൂക്കം രവത ചന്ദ്രശേഖറിന്
text_fieldsരവത ചന്ദ്രശേഖര്‍
തിരുവനന്തപുരം: യു.പി.എസ്.സി കൈമാറിയ പട്ടികക്ക് പുറത്തുനിന്നുള്ള ആളെ ഡി.ജി.പിയാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുന്നു. ഇൻചാർജ് ഡി.ജി.പി നിയമനം നിയമയുദ്ധത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. യു.പി.എസ്.സി തീരുമാനിച്ച ചുരുക്കപ്പട്ടികയിൽനിന്ന് ഒരാളെ തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭയോഗം തീരുമാനിക്കും. ഇപ്പോഴത്തെ പൊലീസ് മേധാവി ഷേഖ് ദർവേശ് സാഹിബ് തിങ്കളാഴ്ച വിരമിക്കും.
പൊലീസ് മേധാവി നിയമനത്തിന് നിധിൻ അഗര്‍വാള്‍, രവത ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നീ ഡി.ജി.പിമാരുടെ ചുരുക്കപ്പട്ടികയാണ് യു.പി.എസ്.സി കൈമാറിയത്. ഈ പട്ടികക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് പൊലീസ് മേധാവി ചുമതല നൽകാമോയെന്നാണ് എ.ജിയോടും സുപ്രീംകോടതിയിലെ അഭിഭാഷകരോടും സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
രവതക്ക് നറുക്ക് വീണേക്കുമെന്ന സൂചന ശക്തമാണെങ്കിലും മുഖ്യമന്ത്രി ആരെ തീരുമാനിക്കുമെന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. മേധാവിയാകാൻ താൽപര്യമറിയിച്ച് രവത അടുത്തിടെ, മുഖ്യമന്ത്രിയെ കണ്ടിരുന്നു. വിരമിക്കുന്ന ദർവേശ് സാഹിബ് ഉൾപ്പടെ ഉദ്യോഗസ്ഥ പ്രമുഖരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്.
കേന്ദ്ര സർവിസിലുള്ള അദ്ദേഹത്തിന് തിങ്കളാഴ്ച കേരളത്തിലെത്താൻ അനൗദ്യോഗിക നിർദേശം നൽകിയതായാണ് വിവരം. കൂത്തുപറമ്പ് വെടിവെപ്പ് വേളയിൽ എ.എസ്.പിയായിരുന്ന രവതയെ മേധാവിയാക്കുന്നതിനോട് സി.പി.എം എങ്ങനെ പ്രതികരിക്കുമെന്നതും നിർണായകമാണ്. സി.പി.എമ്മില്‍ നിന്ന് എതിർപ്പുയർന്നാൽ നിധിൻ അഗർവാളിനെ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

