പൊലീസ് നടപ്പാക്കുന്നത് വർഗീയതക്കെതിരായ സർക്കാർ നിലപാട് -മുഖ്യമന്ത്രി
text_fieldsതൊടുപുഴ: വർഗീയതയോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന സർക്കാർ നിലപാടാണ് പൊലീസ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒമ്പതുവർഷമായി വർഗീയസംഘർഷമില്ലാത്ത നാടായി കേരളം മാറിയത് വർഗീയസംഘടനകൾ ഇല്ലാത്തതുകൊണ്ടല്ല. ഉത്തരേന്ത്യയിലടക്കം ആളുകളെ കൊല്ലുന്ന വർഗീയ സംഘടനക്ക് ഏറ്റവും കൂടുതൽ സംഘടന സംവിധാനമുള്ളത് കേരളത്തിലാണെന്നാണ് അവർതന്നെ പറയുന്നത്. എന്നാൽ, കേരളീയ സമൂഹത്തിന്‍റെ പ്രത്യേകതയും വർഗീയതക്കെതിരായ ഉറച്ചനിലപാടുംമൂലം അവർക്ക് യഥാർഥമുഖം പുറത്തെടുക്കാൻ കഴിയില്ല. ഇതോടൊപ്പമാണ് ഇത്തരം കാര്യങ്ങളിൽ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്ന സർക്കാർ നയം നടപ്പാക്കുന്ന പൊലീസ് സേനയുടെ നിലപാട്.
ക്രമസമാധാനപാലനത്തിലടക്കം കേരളം നേടിയ നേട്ടത്തിൽ പൊലീസിന് പ്രധാന പങ്കുണ്ട്. മനുഷ്യന്‍റെ പ്രയാസത്തോടൊപ്പം നിൽക്കുന്നവരാണ് സംസ്ഥാനത്തെ പൊലീസ് സേന. ദുരന്തമേഖലയിലടക്കം ഇത് തെളിയിച്ചതാണ്. ഒരുവിധ ഇടപെടലുകളുമില്ലാതെ നീതിയുക്തമായാണ് സംസ്ഥാന പൊലീസിന്‍റെ പ്രവർത്തനം. എന്നാൽ, അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പൊലീസുകാരോട് ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. സഹായിക്കേണ്ടവർ ദുരന്തമായി മാറുന്ന സാഹചര്യമാണ് കഴിഞ്ഞ നാളുകളിൽ കണ്ടത്.
പ്രതിസന്ധികളുണ്ടെങ്കിലും സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം സമയബന്ധിതമായി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡൻറ് എ. സുധീർഖാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. പ്രസാദ്, റോഷി അഗസ്റ്റിൻ, പി.ജെ. ജോസഫ് എം.എൽ.എ, ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹെബ്, എ.ഡി.ജി.പിമാരായ പി. വിജയൻ, എച്ച്. വെങ്കിടേഷ്, ഡി.ഐ.ജി സതീഷ് ബിനോ, റൂറൽ എസ്.പിമാരായ എം. ഹേമലത, ടി.കെ. വിഷ്ണുപ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ഇ.വി. പ്രദീപൻ സംഘടന റിപ്പോർട്ടും ജി.പി. അജിത്ത് കണക്കും എസ്. അനീഷ് കുമാർ അനുസ്മരണ പ്രമേയവും പി.എച്ച്. അൻസിം ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഇ.വി. പ്രദീപൻ സ്വാഗതവും സ്വാഗതസംഘം കൺവീനർ ജി. മനോജ്കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

