വീടകങ്ങളിൽപോലും സുരക്ഷിതരല്ലാതെ കുരുന്നുകൾ; പോക്സോ കേസ് കുതിക്കുന്നു
text_fieldsതിരുവനന്തപുരം: വീടകങ്ങളിൽപോലും കുരുന്നുകൾ സുരക്ഷിതരല്ലെന്ന് തെളിയിച്ച് സംസ്ഥാനത്ത് പോക്സോ കേസുകൾ കുതിക്കുന്നു. കൂടുതൽ കേസ് മലപ്പുറത്ത്. അഞ്ചുവർഷത്തെ കണക്കുകളിൽ മലപ്പുറം ജില്ലയിൽ പോക്സോ കേസിൽ വലിയ വർധനയാണ്.
കഴിഞ്ഞവർഷം 400 ലധികം പോക്സോ കേസാണ് മലപ്പുറത്ത് മാത്രം രജിസ്റ്റർ ചെയ്തത്. 2020 ൽ 379 ഉം '19 ൽ 444 ഉം '18 ൽ 410 ഉം '17 ൽ 219 ഉം കേസാണ് മലപ്പുറത്തുണ്ടായത്. കഴിഞ്ഞവർഷം 290 കേസുകൾ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം റൂറലാണ് രണ്ടാമത്. 227 കേസ് രജിസ്റ്റർ ചെയ്ത പാലക്കാടാണ് മൂന്നാമത്. ട്രെയിനുകളിൽപോലും നമ്മുടെ കുട്ടികൾ സുരക്ഷിതരല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ചുവർഷമായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകൾ പരിശോധിച്ചാൽ കുട്ടികൾ വീടകങ്ങളിൽപോലും സുരക്ഷിതരല്ല.
ഏറെയും പിതാവ് ഉൾപ്പെടെ അടുത്ത ബന്ധുക്കളിൽനിന്നുള്ള പീഡനങ്ങളാണ്. പല കുട്ടികളും വർഷങ്ങളായി പീഡനങ്ങൾക്ക് ഇരയാണ്. അതിൽ ചിലർ ഗർഭം ധരിച്ചപ്പോൾ മാത്രമാണ് കേസായതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞവർഷം 3250 ഓളം പോക്സോ കേസാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ലോക്ഡൗൺ ഉണ്ടായിരുന്ന 2020 ൽ 3024 ഉം '19 ൽ 3609 ഉം '18 ൽ 3180 ഉം '17 ൽ 2703 ഉം പോക്സോ കേസുകളുണ്ടായി. പലപ്പോഴും അടുത്ത ബന്ധുക്കളാണ് പ്രതിയാകുന്നതെന്നതിനാൽ കുട്ടികളുടെ വീട്ടുകാർ പരാതി നൽകാൻ തയാറാകാത്ത അവസ്ഥയുമുണ്ട്.
സ്കൂളുകളിലെ കൗൺസലിങ്ങിലാണ് കുട്ടികൾ പീഡനങ്ങൾ വെളിപ്പെടുത്താറ്. പഠനം ഓൺലൈൻ ക്ലാസുകളിലേക്ക് ചുരുങ്ങിയതോടെ ഇത്തരം കൗൺസലിങ്ങുകളുടെ അഭാവവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

