‘പോയി ചാവ്’ പ്രയോഗം ആത്മഹത്യ പ്രേരണയല്ലെന്ന് ഹൈകോടതി; യുവതി ജീവനൊടുക്കിയ കേസിൽ കാമുകനെ വെറുതെവിട്ടു
text_fieldsഹൈകോടതി
കൊച്ചി: വാക്കുതർക്കത്തിനിടെ ‘പോയി ചാവ്’ എന്ന് പറഞ്ഞത് ആത്മഹത്യ പ്രേരണ കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈകോടതി.
കാസർകോട് സ്വദേശിനി അഞ്ചര വയസ്സുള്ള മകളുമായി കിണറ്റിൽ ചാടി ജീവനൊടുക്കിയ കേസിൽ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രദീപ്കുമാറിന്റെ നിരീക്ഷണം. വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശത്തോടെയല്ലെന്ന് കോടതി വിലയിരുത്തി.
അധ്യാപകനായ ഹരജിക്കാരന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഹരജിക്കാരൻ വിവാഹത്തിന് ഒരുങ്ങുന്നതായി അറിഞ്ഞതിനെ തുടർന്ന് യുവതി കലഹിക്കുകയായിരുന്നു. ഇതിനിടെ പ്രകോപിതനായ യുവാവ് ‘പോയി ചാവ്’ എന്ന് പറഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. 2023 സെപ്റ്റംബർ 15നാണ് സംഭവം. കിണറ്റിൽ വീണ കുട്ടിയും മരിച്ചു. ചാറ്റുകൾ നശിപ്പിച്ചതിനും ഹരജിക്കാരനെതിരെ പൊലീസ് കുറ്റം ചുമത്തിയിരുന്നു.
കേസിൽ ഹരജിക്കാരൻ കാസർകോട് ജില്ല സെഷൻസ് കോടതിയിൽ വിടുതൽ ഹരജി നൽകിയെങ്കിലും തള്ളി. വിചാരണ നടപടി ആരംഭിച്ചതോടെയാണ് ഹൈകോടതിയിൽ റിവിഷൻ ഹരജി നൽകിയത്. ഹരജി അനുവദിച്ച ഹൈകോടതി, ആത്മഹത്യ പ്രേരണ നിലനിൽക്കാത്തതിനാൽ ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചതിനുള്ള കുറ്റവും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. കോടതികളുടെ മുൻകാല വിധികൾ കൂടി പരിശോധിച്ചാണ് ഹരജിക്കാരനെ കുറ്റവിമുക്തനാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

