തേക്കിൻകാട് കലോത്സവ വേദിയാക്കരുതെന്ന ഹരജി തള്ളി, ഹരജിക്കാരൻ 10,000 രൂപ പിഴയടക്കണം
text_fieldsകൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തേക്കിൻക്കാട് മൈതാനം വേദിയാക്കിയതിനെതിരായ ഹരജി തള്ളി. ഹരജിക്കാരൻ 10,000 രൂപ പിഴയടക്കണമെന്നും ഉത്തരവോടെയാണ് ദേവസ്വം ബെഞ്ച് ഹരജി തള്ളിയത്. തൃശൂര്‍ സ്വദേശി നാരായണന്‍ കുട്ടിക്കാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പിഴ വിധിച്ചത്.
ഹരജി നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് കോടതി നിരീക്ഷിച്ചു. കലോത്സവ വേദിയുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം പോലും ശ്രദ്ധിക്കാതെയാണ് ഹരജി നൽകിയതെന്നും കോടതി നിരീക്ഷിച്ചു.
ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം തൃശൂരിൽ അരങ്ങേറുന്നത്. ജനുവരി 14ന് രാവിലെ 10 മണിക്ക് പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. അഞ്ചുദിവസങ്ങളില്‍ 25 വേദികളിലായി 239 ഇനങ്ങളിലാണ് മത്സരം. ഹൈസ്‌കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്‌കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും 19 ഇനങ്ങൾ വീതവും അരങ്ങേറും.
പ്രധാനവേദിയായ സൂര്യകാന്തി (തേക്കിന്‍ക്കാട് മൈതാനം എക്സിബിഷന്‍ ഗ്രൗണ്ട്), പാരിജാതം (സിഎംഎസ് സ്കൂളിന് അഭിമുഖമായുള്ള തേക്കിന്‍ക്കാട് മൈതാനി പരിസരം), നീലക്കുറിഞ്ഞി (ബാനര്‍ജി ക്ലബിന് അഭിമുഖമായുള്ള തേക്കിന്‍ക്കാട് മൈതാനി പരിസരം) എന്നീ വേദികളുടെ നിര്‍മാണം തിങ്കളാഴ്ചയോടെ പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണ്. ചൂട് പ്രതിരോധിക്കുന്ന ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള പന്തലുകളാണഅ ഒരുക്കിയിട്ടുള്ളത്.
പ്രധാനവേദിയായ സൂര്യകാന്തിയില്‍ പതിനായിരം പേര്‍ക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. പാരിജാതത്തില്‍ 3000 ഇരിപ്പിടങ്ങളും നീലകുറിഞ്ഞിയില്‍ 2000 ഇരിപ്പിടങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. സ്കൂളുകളില്‍ സജ്ജീകരിച്ചിരിക്കുന്ന പന്തലുകളില്‍ സ്ഥല പരിമിതിയനുസരിച്ച് 500, 400 പേര്‍ക്കുള്ള ഇരിപ്പിടമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

