കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ എട്ടാം പ്രതിയായ ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.
സാക്ഷികളെ നിരന്തരമായി മൊഴിമാറ്റാൻ പ്രേരിപ്പിക്കുന്നുവെന്നാണ് ദിലീപിനെതിരായ പ്രോസിക്യൂഷൻ വാദം. കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാൽ വിചാരണക്ക് മുൻപ് ജയിലിൽ നിന്ന് പുറത്തുപോയ സംഭവത്തിലും കോടതി വാദം കേൾക്കും.
നേരത്തേ മാപ്പ് സാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബേക്കൽ പൊലീസ് ഗണേഷ്കുമാർ എം.എൽ.എയുടെ പ്രൈവറ്റ് സെക്രട്ടറിയായ പ്രദീപ്കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിനെതിരെ മൊഴി നൽകിയാൽ ജീവഹാനി ഉണ്ടാകുമെന്ന് പ്രദീപ്കുമാർ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതായി വിപിൻലാൽ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് അറസ്റ്റുണ്ടായത്. കേസിലെ മറ്റൊരു സാക്ഷിയും മൊഴി മാറാൻ പ്രേരിപ്പിച്ചതായി മാധ്യമങ്ങൾക്ക് മുന്നിലെത്തി പരാതിപ്പെട്ടിരുന്നു.
കേസിൽ സർക്കാർ നിയമിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. വി എൻ അനിൽകുമാർ ഹാജരാകും. പുതിയ പ്രോസിക്യൂട്ടർ ചുമതലയേറ്റ ശേഷം ജനുവരി 11ന് വിചാരണ പുനരാരംഭിച്ചിരുന്നു.