ജനവാസ മേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ മുഴുവൻ അയൽവീട്ടുകാരുടെയും അനുമതി വേണ്ട -ഹൈകോടതി
text_fieldsകേരള ഹൈക്കോടതി
കൊച്ചി: ജനവാസ മേഖലയിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുമ്പോൾ എല്ലാ അയൽവീട്ടുകാരുടെയും അനുമതി ആവശ്യമില്ലെന്ന് ഹൈകോടതി. 2019ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണച്ചട്ട പ്രകാരം ടവർ സ്ഥാപിക്കുന്നതിനോട് ചേർന്നുകിടക്കുന്ന ഭൂവുടമയുടെ അനുമതി മാത്രം മതി.
മുനിസിപ്പാലിറ്റി ബിൽഡിങ് ചട്ടത്തിൽ ടെലികമ്യൂണിക്കേഷൻ ടവർ സ്ഥാപിക്കാൻ അകലം ഉൾപ്പെടെ കാര്യങ്ങളിൽ വ്യവസ്ഥകളുണ്ട്. ഇതിലധികം വ്യവസ്ഥകൾ നിശ്ചയിച്ച് സർക്കുലർ ഇറക്കുന്നതും ടവർ നിർമാണം നിയന്ത്രിക്കുന്നതും നിയമപരമല്ലെന്ന് ജസ്റ്റിസ് ഷാജി പി. ചാലി വ്യക്തമാക്കി.
വീടിന്റെ 50 ചതുരശ്രമീറ്റർ പരിധിക്കകത്ത് ടവർ സ്ഥാപിക്കാൻ വീട്ടുകാരുടെ അനുമതി വേണമെന്ന തൃശൂർ നഗരസഭ സെക്രട്ടറിയുടെ സർക്കുലർ റദ്ദാക്കിയാണ് സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം.
2016 ഫെബ്രുവരി 19ന് നഗരസഭ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലർ ചോദ്യം ചെയ്ത് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡാണ് കോടതിയെ സമീപിച്ചത്. കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണച്ചട്ടം 132ൽ ടവർ സ്ഥാപിക്കുന്ന ഭൂമിയോടു തൊട്ടുകിടക്കുന്ന സ്ഥലം ഉടമയുടെ അനുമതി വേണമെന്നല്ലാതെ റെസിഡൻഷ്യൽ സോണുകളിൽ സമീപത്തെ വീട്ടുകാരുടെ അനുവാദം വേണമെന്ന് പറയുന്നില്ല.
ടെലികോം ടവറുകളുടെ നിർമാണം ഏതു സോണിലും അനുവദനീയമാണെന്ന് ചട്ടത്തിൽ വ്യവസ്ഥയുള്ളതിനാൽ സർക്കുലർ നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്ന് വിലയിരുത്തിയാണ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

