Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതാണ് മന്ത്രി പറഞ്ഞ...

ഇതാണ് മന്ത്രി പറഞ്ഞ ആരോഗ്യരംഗത്തെ മാതൃക! ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗി മരിച്ചു; എന്നിട്ടും തെളിവെടുപ്പ് തുടർന്ന് ആരോഗ്യവകുപ്പ്

text_fields
bookmark_border
ഇതാണ് മന്ത്രി പറഞ്ഞ ആരോഗ്യരംഗത്തെ മാതൃക! ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗി മരിച്ചു; എന്നിട്ടും തെളിവെടുപ്പ് തുടർന്ന് ആരോഗ്യവകുപ്പ്
cancel
camera_alt

മരിച്ച ജോസഫ്, വയറ്റിൽ കുടുങ്ങിയ ശസ്ത്രക്രിയ ഉപകരണം

തൃശൂർ: ആറ് വർഷം മുമ്പ് സർക്കാർ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങി, തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തു. മാധ്യമങ്ങളിലൊക്കെ വലിയ വാർത്തയുമായി. ഇതിനിടയിൽ ഒരുവർഷം മുമ്പ് രോഗിയും മരിച്ചു. എന്നാൽ ഇതൊന്നും അറിയാതെ തെളിവെടുപ്പിന് ഹാജരാകാൻ മരിച്ച രോഗിക്ക് ആരോഗ്യവകുപ്പിന്‍റെ നോട്ടീസും. പിറ്റേന്ന് തിരുവനന്തപുരത്ത് നടക്കുന്ന തെളിവെടുപ്പിന് ഹാജരാകാൻ തൃശൂരുള്ളവർക്ക് നോട്ടീസ് നൽകിയത് രണ്ടുദിവസം മുമ്പ്. പുറപ്പെടാനിരിക്കെ ഫോൺ വിളിച്ച് സിറ്റിങ് മാറ്റിയെന്ന അറിയിപ്പും. ഇതാണ് മന്ത്രി ഉൾപ്പെടെ കൊട്ടിഘോഷിക്കുന്ന കേരളത്തിലെ ആരോഗ്യരംഗത്തെ മാതൃകയിലൊന്ന്!

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 2020 മേയിൽ വയറുവേദനക്ക് ശസ്ത്രക്രിയക്ക് വിധേയനായ തൃശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോൾ (53) എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടേയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും ദയനീയ അവസ്ഥയാണ് മേൽ വിവരിച്ചത്. വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഒരു രോഗിയുടെ ജീവന് ഭീഷണിയായ കുറ്റകരമായ അനാസ്ഥ കാട്ടിയവരെ സംരക്ഷിക്കുന്ന ആരോഗ്യരംഗത്തെ സിസ്റ്റം തകരാറാണ് ഇതിലൂടെ വ്യക്തമാകുന്നത്.

2020ൽ വയറുവേദനയെ തുടർന്നാണ് ജോസഫ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടിയത്. ഡോ. പോളി ടി. ജോസഫ് ശസ്ത്രക്രിയയും വിധിച്ചു. ഡോക്ടർ ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം പ്രാക്ടീസ് നടത്തുന്ന സ്വകാര്യ ആശുപത്രിയിലെത്തി പതിനായിരം രൂപ കൈക്കൂലിയും കൊടുത്തു. തുടർന്ന് മേയ് അഞ്ചിന് ആദ്യ ശസ്ത്രക്രിയ നടത്തി. ദിവസങ്ങൾക്കുശേഷം പരിശോധനയിൽ ശസ്ത്രക്രിയയിലെ അപാകത കണ്ടു. തുടർന്ന് മേയ് 12ന് വീണ്ടും ശസ്ത്രക്രിയ നടത്തി. മേയ് 30 വരെ മെഡിക്കൽ കോളജിൽ ചികിൽസയിലും കഴിഞ്ഞു. ഡിസ്ചാർജായി വീട്ടിൽ പോയ ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജിൽ രണ്ടുതവണ എത്തി ശസ്ത്രക്രിയ നടത്തിയ ഡോ. പോളിയെ കണ്ടു. തുടർന്ന് സി.ടി. സ്കാൻ ഡോക്ടർ പറഞ്ഞു.

ജോസഫിന്‍റെ എക്സ് റേ റിസൾട്ട്

സി.ടി സ്കാൻ എടുത്ത് തുടങ്ങിതോടെ ആശുപത്രി അധികൃതരുടെ ഭാവത്തിൽ മാറ്റം വന്നു. സി.ടി. സ്കാൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉടൻ ശസ്ത്രക്രിയ നടത്താമെന്നും അഡ്മിറ്റാകണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന് സംശയം തോന്നി പുറത്തെ ഒരു ക്ലിനിക്കിൽ പോയി എക്സ്റേ എടുത്തപ്പോഴാണ് വയറിൽ കത്രിക കുടുങ്ങിയത് വ്യക്തമായത്. അതിന്‍റെ അടിസ്ഥാനത്തിൽ ഇനിയും മെഡിക്കൽകോളജിൽ ശസ്ത്രക്രിയ നടത്തുന്നതിന്‍റെ പന്തികേട് മനസിലാക്കിയ ജോസഫിന്‍റെ ബന്ധുക്കൾ ഡിസ്ചാർജ് വാങ്ങി സ്വകാര്യ ആശുപത്രിയിലെത്തി സ്കാൻ ചെയ്തു. അപ്പോഴും കത്രികയുടെ സാന്നിധ്യം പ്രകടമായി.

സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയാണ് കത്രിക പുറത്തെടുത്തത്. അന്നുമുതൽ ജോസഫ് നിത്യരോഗിയായി മാറി. തന്‍റെ ഉപജീവനമാർഗമായ ഓട്ടോറിക്ഷ ഓടിക്കാൻ പോലും കഴിയാതെയായി. തുടർന്ന് ജോസഫും ബന്ധുക്കളും പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. മാധ്യമങ്ങളിൽ വലിയ വാർത്തയുമായി. തുടർന്ന് ഡോക്ടറെയും ചില ജീവനക്കാരെയും പേരിന് സസ്പെൻഡ് ചെയ്തു. കേസും എടുത്തു. എന്നാൽ സസ്പെൻഷൻ കാലയളിൽ സ്വകാര്യ ആശുപത്രികളിൽ അവർ പ്രാക്ടീസ് ചെയ്തു പണമുണ്ടാക്കി.

ശസ്ത്രക്രിയയിൽ തങ്ങളുടെ ഭാഗത്തുനിന്നും പാളിച്ചയുണ്ടായെന്ന് മനസിലാക്കിയ ഡോക്ടർ ആദ്യം പണം കൊടുത്ത് രോഗിയെ വരുതിയിലാക്കാൻ ശ്രമിച്ചു. വഴങ്ങുന്നില്ലെന്നായപ്പോൾ ഭീഷണിയായി. തുടർന്ന് ജോസഫ് മനുഷ്യാവകാശ കമീഷനിൽ പരാതി നൽകി. 2022 ആഗസ്റ്റിൽ അനുകൂലവിധിയുണ്ടായി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും വിധിച്ച നഷ്ടപരിഹാരതുക ലഭിച്ചിട്ടില്ല. കേസുകൾ കോടതിയിൽ ഒച്ചിഴയുന്ന വേഗത്തിൽ നീങ്ങുകയാണ്. അതിനിടെ സഹപ്രവർത്തികക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ കുറ്റാരോപിതനായ ഡോ. പോളി സസ്പെൻഷനിലുമായി. തുടർന്ന് അയാൾ മെഡിക്കൽകോളജ് ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചെന്നാണ് വിവരം.

നീതിതേടി പല വാതിലുകളും മുട്ടി, ഒടുവിൽ നീതി ലഭിക്കാതെ കഴിഞ്ഞവർഷം ജനുവരി 29ന് ജോസഫ് മരണത്തിന് കീഴടങ്ങി. അതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ തങ്ങൾ രക്ഷപെട്ടെന്ന നിലയിൽ വെല്ലുവിളിയും തുടങ്ങി. അതിനിടെയാണ് ഈമാസം 20ന് സെക്രട്ടേറിയറ്റ് അനക്സിൽ നടക്കുന്ന, ഈ സംഭവവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് 17ന് ഹാജരാകാൻ മരിച്ച ജോസഫിന് ആരോഗ്യവകുപ്പിന്‍റെ നോട്ടീസ് വന്നത്. അതിന് എത്തിച്ചേരാൻ ജോസഫിന്‍റെ ഭാര്യയും മകളും തയാറാകുന്നതിന് മണിക്കൂറുകൾ മുമ്പ് ആരോഗ്യവകുപ്പിൽ നിന്നാണെന്ന് പറഞ്ഞ് സിറ്റിങ് മാറ്റിയതായി അവരെ ഫോൺ വിളിച്ച് അറിയിക്കുകയും ചെയ്തു. കത്ത് കിട്ടിയതാകട്ടെ 20നും. ആറ് വർഷം കഴിഞ്ഞിട്ടും ഡോക്ടർമാരുടെയും ആരോഗ്യസംവിധാനത്തിന്‍റെയും ഭാഗത്ത് നിന്നുണ്ടായ അനാസ്ഥക്ക് നീതി ലഭിക്കാതെ സിസ്റ്റം തകരാറുമൂലം ‘രക്തസാക്ഷിയായി’രിക്കുകയാണ് ജോസഫും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena GeorgeHealth Departmentmedical negligenceThrissur Medical CollegeKerala Health Model
News Summary - Medical Negligence | Kerala News | Kerala Health Model
Next Story