Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമസ്ത വിലക്ക് ലംഘിച്ച്...

സമസ്ത വിലക്ക് ലംഘിച്ച് പാണക്കാട് കുടുംബം സി.ഐ.സി വേദിയിൽ

text_fields
bookmark_border
സമസ്ത വിലക്ക് ലംഘിച്ച് പാണക്കാട് കുടുംബം സി.ഐ.സി വേദിയിൽ
cancel
camera_alt

കോഴിക്കോട് സ്വപ്ന നഗരിയിൽ കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസ് (സി.ഐ.സി) സനദ് ദാന ചടങ്ങിൽ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു

കോഴിക്കോട്: കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസുമായി (സി.ഐ.സി) സഹകരിക്കരുതെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ നിർദേശം തള്ളി പാണക്കാട് കുടുംബാംഗങ്ങൾ സി.ഐ.സി സമ്മേളന വേദയിൽ.

സി.ഐ.സി അധ്യക്ഷനും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്‍റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനത്തിൽ സനദ് ദാന പ്രഖ്യാപനം നിർവഹിച്ചപ്പോൾ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ഹമീദലി ശിഹാബ് തങ്ങളാണ് 'മെറ്റീരിയലിസം വിമോചന മാർഗമോ?' എന്ന തലക്കെട്ടിൽ നടന്ന സംവാദ സെഷൻ ഉദ്ഘാടനം ചെയ്തത്.

സാദിഖലി തങ്ങൾക്കൊപ്പം റഷീദലി തങ്ങൾ, അബ്ബാസലി തങ്ങൾ എന്നിവർ സനദ്ദാനം നിർവഹിച്ചു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സനദ്ദാന സമ്മേളനത്തെ അഭിസംബോധന ചെയ്തു. സി.ഐ.സിയോട് വിയോജിക്കുന്ന സമസ്ത നേതാക്കളിൽ പാണക്കാട് കുടുംബത്തിന്‍റെ നിലപാട് അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

പ്രശ്നത്തിൽ പരിഹാരമുണ്ടാക്കുന്നതിനു പകരം സാദിഖലി തങ്ങൾ ഏകപക്ഷീയ സമീപനം സ്വീകരിച്ചത് ശരിയായില്ലെന്ന് ഒരു സമസ്ത നേതാവ് 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തേണ്ടതില്ലെന്നാണ് സമസ്ത തീരുമാനം. സി.ഐ.സിയുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാട് മുശാവറയുടേതായതിനാൽ ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് മുശാവറയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിഷയത്തിൽ പാണക്കാട് കുടുംബത്തിന്‍റെ നിലപാടിനൊപ്പം നിൽക്കുന്നവരും സമസ്തയിലുണ്ട്. സമസ്തയുടെ രക്ഷാധികാരത്തിൽ സി.ഐ.സി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പരിമിതികളുള്ളതായി അവർ ചൂണ്ടിക്കാട്ടുന്നു.

പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും പൊതുരംഗത്തേക്ക് അവരെ കൊണ്ടുവരുന്നതിലുമെല്ലാം പുരോഗമന നിലപാട് സ്വീകരിക്കുന്ന സി.ഐ.സിയുമായി സഹകരിക്കാൻ സമസ്തക്കാവില്ല. ഇക്കാര്യത്തിൽ യാഥാസ്ഥിതിക നിലപാട് സ്വീകരിക്കാൻ സി.ഐ.സിക്കുമാകില്ല.

അതുകൊണ്ടുതന്നെ സി.ഐ.സി വിഷയത്തിൽ പക്വവും ദീർഘവീക്ഷണവുമുള്ള നിലപാടാണ് സമസ്ത നേതൃത്വം സ്വീകരിക്കേണ്ടതെന്ന അഭിപ്രായമാണ് ഇക്കൂട്ടർക്കുള്ളത്. പാണക്കാട് കുടുംബത്തിന്‍റെ നേതൃപരമായ പങ്കിനെ പ്രകീർത്തിച്ച് സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി നടത്തിയ പ്രഭാഷണത്തിൽ സി.ഐ.സിയുടെ വിദ്യാഭ്യാസ പദ്ധതികൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.

ഭിന്നിപ്പിക്കാൻ പല കോണുകളിൽനിന്നും ശ്രമങ്ങൾ നടക്കുമ്പോൾ പരസ്പരം അംഗീകരിക്കുന്നവരും ബഹുമാനിക്കുന്നവരുമായി നമ്മൾ മാറണം. പഠിച്ചു മുന്നേറുന്നവരെ തടസ്സപ്പെടുത്താൻ ആർക്കുമാകില്ല. അധ്യാപകന്‍റെ മുന്നിലല്ലാതെ വിദ്യാർഥികൾ ആരുടെ മുന്നിലും തലകുനിക്കേണ്ടതില്ല. അറിവിന് തടസ്സം നിൽക്കുന്നവരെ അവഗണിക്കണം. പാണക്കാട് കുടുംബത്തിന്‍റെയും പണ്ഡിതരുടെയും പ്രബുദ്ധ കേരളത്തിന്‍റെയും പിന്തുണ അതിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cicmuslim leaguewafi wafiyyaCoordination of Islamic Colleges
News Summary - The Panakkad family break the ban on the CIC stage
Next Story