വിദേശത്ത് ഉപരിപഠനം വാഗ്ദാനംചെയ്ത്ലക്ഷങ്ങൾ തട്ടിയ സ്ഥാപന ഉടമ അറസ്റ്റിൽ
text_fieldsകൽപറ്റ: വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിന് സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സ്ഥാപന ഉടമ അറസ്റ്റിൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫ മേരി ഇന്റർനാഷനൽ എജുക്കേഷൻ ഉടമ തിരുവനന്തപുരം സ്വദേശി റോജർ (40) നെയാണ് വയനാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.
സുൽത്താൻ ബത്തേരി സ്വദേശിയായ ഡോക്ടർക്ക് സിംഗപ്പൂരിൽ ഉപരിപഠനത്തിന് പ്രവേശനം നൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപയും തലപ്പുഴ സ്വദേശിക്ക് ബ്രിട്ടനിൽ എം.ബി.എ സീറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് ഒമ്പത് ലക്ഷം രൂപയും വാങ്ങിയാണ് വഞ്ചിച്ചത്.
ഇവരുടെ പരാതിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ, ആൽഫ മേരി ഇന്റർനാഷനൽ എജുക്കേഷൻ സംസ്ഥാനത്ത് നിരവധിയാളുകളെ ഈരീതിയിൽ വഞ്ചിച്ച് പണം തട്ടിയെടുത്തതായി വ്യക്തമായി.
23ഓളം കേസുകൾ സ്ഥാപനത്തിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
ഡൽഹി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലുള്ളതായി അവകാശപ്പെടുന്ന സ്ഥാപനത്തിന്റെ ഓഫിസുകൾ വർഷങ്ങൾക്ക് മുമ്പ് പൂട്ടിപ്പോയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കുറ്റകൃത്യത്തിലെ പങ്കാളികളെയും സ്ഥാപനത്തിൽനിന്ന് വിദ്യാർഥികളെ വിളിച്ച് ഭീഷണിപ്പെടുത്തിയ മറ്റു പ്രതികളെയുംകുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.
വിദേശത്ത് ഉപരിപഠനത്തിനും ജോലിക്കും ഏജൻസികളെ സമീപിക്കുമ്പോൾ ജാഗ്രതപാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

