ബ്രൂവറിക്കെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ; സമൂഹം ലഹരിക്കെതിരെ പോരാടുമ്പോൾ സർക്കാർ ബ്രൂവറിക്ക് വേണ്ടി വാദിക്കുന്നത് അംഗീകരിക്കാനാകില്ല -യൂഹാനോൻ മാർ പോളിക്കാർപ്പോസ്
text_fieldsകോട്ടയം: മദ്യത്തിന്‍റെ ലഭ്യത കുറക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ശേഷം ബാറുകളുടെ എണ്ണം ദിനംപ്രതി വർധിപ്പിക്കുകയും ബ്രൂവറി ഉൾപ്പടെ തുടങ്ങാൻ അനുമതി നൽകുകയും ചെയ്യുന്ന സർക്കാർ പാവപ്പെട്ട ജനതയുടെ ബലഹീനത ചൂഷണം ചെയ്യുകയാണെന്ന് ഓർത്തഡോക്സ് സഭ മദ്യവർജന സമിതി. സ്കൂളുകളുടെയും ആരാധനലായങ്ങളുടെയും സമീപത്തേക്ക് കള്ളുഷാപ്പുകൾ കൂടി എത്തിക്കാനുള്ള നീക്കം ആരോടുള്ള വെല്ലുവിളിയാണെന്ന് സമിതി പ്രസിഡന്‍റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപോലീത്ത ചോദിച്ചു.
ലഹരിമുക്ത ഭവനം, ലഹരിമുക്ത ഇടവക, ലഹരിമുക്ത സഭ, ലഹരിമുക്ത നാട് ഇതാണ് സഭ ലക്ഷ്യം വെക്കുന്നത്. നാടിന്‍റെ നൻമക്കൊപ്പം നിൽക്കേണ്ട സർക്കാർ മദ്യലോബികളുടെ പിണിയാളാകുന്നത് ഭാവി തലമുറയെ ഇല്ലാതാക്കാൻ മാത്രമേ ഉപകരിക്കൂ. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങുമ്പോൾ കുടിവെള്ളക്ഷാമം രൂക്ഷമാകും. നെൽകർഷകർ ഇപ്പോൾ തന്നെ വെള്ളം ലഭിക്കാതെ പ്രതിസന്ധി നേരിടുന്നുണ്ട്. കൃഷിക്കാരെയും സാധാരണ മനുഷ്യരെയും പരിഗണിക്കാതെയുള്ള സർക്കാറിന്‍റെ നീക്കങ്ങൾ ജനാധിപത്യ മര്യാദയല്ലെന്നും മെത്രാപോലീത്ത ചൂണ്ടിക്കാട്ടി.
ഓർത്തഡോക്സ് സഭ മദ്യവർജന സമിതിയുടെ നേതൃത്വത്തിൽ മാർച്ച് മാസം സെക്രട്ടറിയേറ്റ് പടിക്കൽ ഒരു ദിവസത്തെ ഉപവാസം നടത്തുമെന്ന് സമിതി ഭാരവാഹികളായ ഫാ. കുര്യാക്കോസ് തണ്ണിക്കോട്ട്, ഫാ. മാത്യൂസ് വട്ടിയാനിക്കൽ, ഫാ. വർഗീസ് ജോർജ് ചേപ്പാട്, ഫാ. തോമസ് ചകിരിയിൽ, അലക്സ് മണപ്പുറത്ത്, ഡോ. റോബിൻ പി . മാത്യു, ഫാ. ബിജു ആൻഡ്രൂസ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

