വിധവയായ ഒരു സ്ത്രീയെ ആക്ഷേപിക്കുന്നത് ജനങ്ങൾ കാണുന്നുണ്ട്; രമയെ സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ്
text_fieldsകൊച്ചി: ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി കൊന്നിട്ടും കലിയടങ്ങാതെ കെ.കെ രമക്ക് നേരെ ആക്രോശവുമായി വരികയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സമൂഹമാധ്യമങ്ങളില്‍ എം.എല്‍.എ തന്നെ രമക്കെതിരെ ആക്ഷേപവുമായി വരികയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
കെ.കെ രമയെ അധിക്ഷേപിക്കാന്‍ കിട്ടുന്ന ഒരു അവസരവും സി.പി.എം പാഴാക്കാറില്ല. രമക്ക് മേല്‍ ഒരാളും കുതിര കയറാന്‍ വരേണ്ട. ഞങ്ങള്‍ അവരെ ചേര്‍ത്ത് പിടിച്ച് സംരക്ഷിക്കും. വിധവയായ സ്ത്രീയെ അപമാനിക്കുന്നത് കേരളം കണ്ടു കൊണ്ടിരിക്കുകയാണെന്നത് മറക്കേണ്ടെന്നും സതീശൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ ബഹളമുണ്ടാക്കാന്‍ 10 എം.എല്‍.എമാരെയാണ് സി.പി.എം ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടാണ് ജനാധിപത്യത്തെ കുറച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ സി.പി.എം ചര്‍ച്ച നടത്തുന്നതെന്ന് സതീശൻ പറഞ്ഞു.
പരിക്ക് പറ്റാത്തവര്‍ക്ക് പ്ലാസ്റ്റര്‍ ഇട്ട് കൊടുക്കുന്ന സ്ഥലമാണോ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയെന്ന ചോദ്യത്തിന് ആരോഗ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടതെന്നും സതീശൻ ചൂണ്ടിക്കാട്ടി.