ലഹരിക്കടത്തിലെ സി.പി.എം ബന്ധത്തിൽ സർക്കാറിനെ കടന്നാക്രമിച്ച് പ്രതിപക്ഷം; നിയമസഭയിൽ ബഹളം, ക്ഷുഭിതനായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടിയ സംഭവം നിയമസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. ലഹരിക്കടത്ത് കേസിലെ പ്രതിയായ സി.പി.എം നേതാവിനെ രക്ഷപ്പെടുത്താൻ പൊലീസ് അന്വേഷണം അട്ടിമറിച്ചെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മാത്യു കുഴൽനാടൻ ആരോപിച്ചു.
ലഹരിക്കടത്ത് കേസിൽ സി.പി.എം നേതാവ് ഷാനവാസിനെ സംരക്ഷിക്കുകയാണ്. സി.പി.എം നേതാക്കൾ പാർട്ടി പടികൾ കയറുന്നത് ലഹരി മാഫിയയുടെ പണം കൊണ്ടാണ്. പാർട്ടി നേതാവിനെ സംരക്ഷിക്കാതെ മന്ത്രിക്ക് കസേരയിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഷാനവാസ് പ്രതിയാകും മുമ്പ് മന്ത്രി സജി ചെറിയാൻ എങ്ങനെ ക്ലീൻചിറ്റ് നൽകി. പ്രതിയെ രക്ഷിക്കാനുള്ള യജമാനന്‍റെ വെപ്രാളമാണിതെന്നും കുഴൽനാടൻ പറഞ്ഞു. എന്നാൽ, ലഹരിക്കടത്ത് കേസിലെ പ്രതിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ വിശദീകരിച്ചു.
ലോറി പിടികൂടുന്നതിന് തലേദിവസം ഷാനവാസും കേസിലെ പ്രതിയായ ഇജാസും ഒരുമിച്ചുണ്ടായിരുന്നു. ലോറി വാടകക്ക് എടുത്തതെങ്കിൽ ഇരുവരും ഒരുമിച്ച് കഴിയേണ്ട കാര്യം എന്താണെന്ന ചോദ്യവും കുഴൽനാടൻ ഉന്നയിച്ചു. ലഹരി പിടികൂടിയ ശേഷമാണ് ലോറി കൈമാറിയത് സംബന്ധിച്ച കരാർ പഴയ തീയതിയിൽ തയാറാക്കിയത്. സി.പി.എമ്മിന് ലഹരി മാഫിയയുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1999ലെ ഇ.കെ നായനാർ സർക്കാറിനെ പിടിച്ചു കുലുക്കിയ മണിച്ചൻ കേസും കുഴൽനാടൻ സഭയിൽ ഉന്നയിച്ചു. സി.പി.എം നേതാക്കളെ പർച്ചേസ് ചെയ്തിരുന്നുവെന്ന് സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും കുഴൽനാടൻ വ്യക്തമാക്കി.
ലഹരിക്കടത്ത് കേസിൽ കസ്റ്റഡിയിലെടുത്ത ലോറി സി.പി.എം നേതാവ് ഷാനവാസിന്‍റേതാണെന്നും എന്നാൽ, ഷാനവാസിനെതിരെ തെളിവില്ലെന്നും എക്സൈസ് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. തെളിവ് ലഭിച്ചാൽ സംരക്ഷിക്കില്ല. രാഷ്ട്രീയം നോക്കി പ്രതി സ്ഥാനത്ത് നിന്ന് ആരെയും നീക്കില്ല. ഒരു കേസിലും പ്രതികളുടെ രാഷ്ട്രീയം നോക്കുന്നതല്ല എൽ.ഡി.എഫ് രീതിയെന്നും എന്തും വിളിച്ചു പറയുന്ന സ്ഥിതിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പൊതുസ്ഥലത്താണെങ്കിൽ മാത്യു കുഴൻനാടന്‍റെ രീതിയിൽ മറുപടി പറയാം. ലീഗിന്‍റെ വാഹനം മട്ടന്നൂരിൽ ലഹരി മരുന്നുമായി പിടികൂടിയിട്ടുണ്ട്. യു.ഡി.എഫ് പ്രവർത്തകരുടെ കേസുകളുടെ പട്ടിക വേണോ എന്നും അങ്ങനെയെങ്കിൽ പ്രതിപക്ഷം പുറത്തു പോകേണ്ടി വരുമെന്നും എം.ബി രാജേഷ് വ്യക്തമാക്കി.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മാത്യു കുഴൽനാടന്‍റെ പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷ എം.എൽ.എമാർ ശ്രമിച്ചത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തിനും ബഹളത്തിനും വഴിവെച്ചു. നിയമസഭയെ നിയന്ത്രിക്കാൻ സ്പീക്കർക്ക് കഴിയണമെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. ഇത് കുഴൽനാടനും സ്പീക്കർ എ.എൻ ഷംസീറും തമ്മിൽ വാക്കുതർക്കത്തിന് കാരണമായി.
ലഹരിക്കടത്തിൽ സി.പി.എം നേതാക്കൾക്ക് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിൽ ക്ഷുഭിതനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞത്. സി.പി.എമ്മിനെതിരെ എന്ത് അസംബന്ധവും വിളിച്ച് പറയാനുള്ള വേദിയല്ല നിയമസഭയെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് മാത്യു കുഴൽനാടൻ അവതരിപ്പിച്ച കാര്യങ്ങൾ. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്തുംവിളിച്ചു പറയുന്ന ഒരാളാണ് എന്നതു കൊണ്ട് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ. ഇങ്ങനെയാണോ സഭയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഇങ്ങനെയാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്. എന്തിനും അതിരുവേണം. അത് ലംഘിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ താനാണ് വിഷയം അവതരിപ്പിക്കാൻ മാത്യു കുഴൽനാടനെ നിയോഗിച്ചതെന്ന് വ്യക്തമാക്കി. തികഞ്ഞ ഉത്തരവാദത്തോടെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുഴൽനാടൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി വിഷയം അവതരിപ്പിച്ചതെന്നും സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

