ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം തടഞ്ഞു
text_fieldsതൊടുപുഴ: ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം അധികൃതർ തടഞ്ഞു. ശനിയാഴ്ച ഉദ്ഘാടനം കഴിഞ്ഞ ഗ്ലാസ് ബ്രിഡ്ജ് അനുമതിയില്ലാതെയാണ് നിർമാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്. അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയോ പഞ്ചായത്തിന്റെയോ അനുമതി ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പൊലീസ് മേധാവിക്കും കൈമാറിയിട്ടുണ്ട്.
ആനച്ചാൽ കാനാച്ചേരിയിലെ എൽസമ്മയുടെ ഭൂമിയിലാണ് രണ്ട് കോടി രൂപ ചെലവിട്ട് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. 35 മീറ്ററാണ് പാലത്തിന്‍റെ നീളം. ഒരേ സമയം 40 പേർക്ക് കയറി നിൽക്കാം. പാലം നിർമാണം നിർത്തണമെന്ന് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി മാർച്ച് ഒന്നിന് നോട്ടീസ് നൽകിയിരുന്നു. അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസറുടെ റിപ്പോർട്ടുമുണ്ട്.
നിർമാണ പ്രവർത്തനം നടത്തരുതെന്ന റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് എന്ന പരസ്യം നൽകിയാണ് ആനച്ചാലിൽ ഇന്നലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം ആരംഭിച്ചത്.
പള്ളിവാസൽ ഉൾപ്പെടെയുള്ള പ്രദേശം റെഡ് സോണിൽ ഉൾപ്പെടുന്നതാണ്. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ചിൽ തന്നെ നിർദേശങ്ങൾ നൽകിയിരുന്നു. ഇത് മറികടന്നാണ് 20 അടി ഉയരത്തിൽ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. ഇവിടെ ഇത്തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിയില്ലാത്തതാണ്. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അത് അവഗണിച്ചുകൊണ്ടുള്ള നിർമാണമാണ് നടന്നതെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

