തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്കിടയിൽ ഏക അധ്യാപക സംഘടനക്കായി ഹിതപരിശോധന (റഫറണ്ടം) നടത്താനുള്ള ഉത്തരവ് കേരള വിദ്യാഭ്യാസ ചട്ടത്തിന് (കെ.ഇ.ആർ) വിരുദ്ധമെന്നുകണ്ട് പത്ത് വർഷത്തിനുശേഷം ഭേദഗതിവരുത്തി ഉത്തരവ്. പകരം കെ.ഇ.ആർ നിർദേശിക്കുന്ന രീതിയിൽ റഫറണ്ടം നടത്താനും സർക്കാർ ഉത്തരവായി.
അധ്യാപകർക്കിടയിൽ ഏക സംഘടനക്കായി റഫറണ്ടം നടത്താൻ 2011 ഏപ്രിൽ 30നാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇൗ ഉത്തരവ് കെ.ഇ.ആർ അധ്യായം 14 (സി) ചട്ടം 51, 52 എന്നിവക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവിൽ മാറ്റംവരുത്തിയത്. കെ.ഇ.ആർ പ്രകാരം ബന്ധപ്പെട്ട അധ്യാപക വിഭാഗത്തിൽ 25 ശതമാനത്തിൽ കുറയാത്ത പ്രാതിനിധ്യമുള്ള സംഘടനക്ക് അംഗീകാരത്തിന് അർഹതയുണ്ട്.
സെക്കൻഡറി, പ്രൈമറിതലങ്ങളിൽ ഹെഡ്മാസ്റ്റർമാർക്കും അധ്യാപകർക്കും ഭാഷാധ്യാപകർക്കും സ്പെഷലിസ്റ്റ് അധ്യാപകർക്കും വെവ്വേറെ സംഘടനകൾക്കും കെ.ഇ.ആറിൽ വ്യവസ്ഥയുണ്ട്. എന്നാൽ, സ്കൂൾ അധ്യാപകർക്കിടയിൽ ഏക സംഘടനക്കായി റഫറണ്ടം നടത്താനുള്ള സ്കീം നിശ്ചയിച്ചാണ് 2011ൽ ഉത്തരവിറക്കിയത്.
2010 മാർച്ച് 26ന് ഹൈകോടതി പുറപ്പെടുവിച്ച വിധിയെതുടർന്നായിരുന്നു 2011ൽ റഫറണ്ടത്തിനുള്ള സ്കീം തയാറാക്കി സർക്കാർ ഉത്തരവിറക്കിയത്. ആറ് മാസത്തിനകം റഫറണ്ടം നടത്തണമെന്ന് ആദ്യം ഉത്തരവ് നൽകിയ കോടതി പിന്നീട് ഇതിനുള്ള സമയം ദീർഘിപ്പിച്ചുനൽകി.
അധ്യാപക സംഘടനകളുടെ ആധിക്യം ഭരണപരവും അക്കാദമികവുമായ ഒേട്ടറെ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ ഉത്തരവിറക്കിയത്. പ്രൈമറിതലം മുതൽ ഹയർസെക്കൻഡറിതലം വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് ഒറ്റ സംഘടന എന്ന നിലയിൽ റഫറണ്ടം നടത്താനായിരുന്നു 2011ലെ ഉത്തരവിൽ നിർദേശിച്ചിരുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറെ റഫറണ്ടത്തിനുള്ള സ്പെഷൽ ഒാഫിസറായും നിശ്ചയിച്ചിരുന്നു. ഏക അധ്യാപക സംഘടനക്ക് വേണ്ടിയുള്ള റഫറണ്ടം ഉത്തരവിനെതിരെ അന്ന് വിവിധ സംഘടനകളിൽ എതിർപ്പ് ഉയർന്നതോടെയാണ് നടപ്പാക്കുന്നത് മരവിപ്പിച്ചുനിർത്തിയത്. പുതിയ ഉത്തരവ് അധ്യാപക സംഘടനകളുടെ ആധിക്യം തുടരാൻ വഴിയൊരുക്കുമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.