തിരുവനന്തപുരം: ഏത് ചെകുത്താനെ കൂട്ടുപിടിച്ചാണെങ്കിലും അധികാരത്തിലെത്തുകയെന്ന ലക്ഷ്യമേ സി.പി.എമ്മിനുള്ളൂെവന്ന് രണ്ടു പതിറ്റാണ്ടിലേറെ ഇടത് സഹയാത്രികനായശേഷം കോൺഗ്രസിൽ മടങ്ങിയെത്തിയ ചെറിയാൻ ഫിലിപ്. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡൻറ് കെ. സുധാകരനിൽനിന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലൊഴികെ രാജ്യത്ത് ഒരിടത്തും കോൺഗ്രസ് പിന്തുണയില്ലാതെ സി.പി.എമ്മിന് പ്രവർത്തിക്കാനാവില്ല. കോൺഗ്രസുമായി സി.പി.എമ്മിന് സഖ്യമാകാമെങ്കിൽ തനിക്ക് മാതൃസംഘടനയിലേക്ക് മടങ്ങാം. കോൺഗ്രസ് ഒരിക്കലും തകരില്ല. കാലാവസ്ഥ മാറ്റംവഴിയുള്ള ജലദോഷം മാത്രമാണ് കോൺഗ്രസിനുള്ളത്. എല്ലാവരും ഒന്നിച്ചുനിന്നാൽ കോൺഗ്രസിന് വസന്തകാലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.