ഏക കുട്ടിയും ടി.സി വാങ്ങി; അയിരൂർ മൂക്കന്നൂർ സ്കൂളിന് പൂട്ടുവീഴുന്നു
text_fieldsഅയിരൂർ മൂക്കന്നൂർ എൽ.പി സ്കൂൾ
കോഴഞ്ചേരി: പത്തനംതിട്ട ജില്ലയിലെ അയിരൂർ മൂക്കന്നൂർ ലോവർ പ്രൈമറി സ്കൂൾ ഇനി ചരിത്രത്തിന്റെ ഭാഗമാകും. 1903ൽ പ്രവർത്തനം തുടങ്ങിയ സ്കൂളിലെ ഏക കുട്ടിയും ടി.സി വാങ്ങി. വ്യക്തിഗത മാനേജ്മെന്റിനു കീഴിലായിരുന്ന സ്കൂൾ വർഷങ്ങളായി അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു. സ്കൂളിലേക്ക് പുതിയ നിയമനങ്ങൾ സാധ്യമല്ലാതെ വന്നതോടെ അധ്യാപകർ ഇല്ലാതായി.
ഏതാനും കുട്ടികൾ സ്കൂളിൽ തുടർന്നതോടെ പ്രൊട്ടക്ടഡ് അധ്യാപികക്ക് ചുമതല നൽകി സ്കൂൾ തുടർന്നുവരുകയായിരുന്നു. എന്നാൽ, ഈ അധ്യാപിക പഴയ സ്കൂളിൽ ജോലിയിൽ തിരികെ പ്രവേശിച്ചതോടെ മൂക്കന്നൂർ സ്കൂളിന് നാഥനില്ലാതായി. കഴിഞ്ഞ വർഷം നാലാംക്ലാസിൽ നാല് കുട്ടികൾ ഉണ്ടായിരുന്നു. അവർ പഠനം പൂർത്തിയാക്കി ടി.സി വാങ്ങി. മൂന്നാം ക്ലാസിലുണ്ടായിരുന്ന ഏക കുട്ടിയും മറ്റൊരു സ്കൂളിൽ ചേർന്നു. പുതിയ പ്രവേശനവും ഇല്ലാതെവന്നതോടെ സ്കൂൾ തുറക്കുന്നില്ല. പുതിയ അധ്യാപകരെയും നിയമിച്ചിട്ടില്ല. ആറാം പ്രവൃത്തിദിനംവരെ പുതിയ പ്രവേശനം സാധ്യമാകുമെങ്കിലും അധ്യാപകരാരും സ്കൂളിലുണ്ടാകില്ല. അടുത്ത ഒരുവർഷത്തിനുള്ളിൽ പൂട്ടൽപ്രക്രിയ പൂർത്തിയാകുകയും ചെയ്യും. സർക്കാർ നിയന്ത്രണത്തിൽ എയ്ഡഡ് മേഖലയിൽ പ്രവർത്തിച്ചിരുന്ന സ്കൂളായിരുന്നെങ്കിലും ഏതാനും വർഷമായി സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. മാനേജ്മെന്റ് നിയമിച്ചിരുന്ന അധ്യാപകരെല്ലാം വിരമിക്കുകയും പുതിയ അധ്യാപകരെ നിയമിക്കാൻ കഴിയുന്ന തരത്തിൽ കുട്ടികൾ ഇല്ലാതെയും വന്നതോടെയാണ് തുടർ പ്രവർത്തനം ബുദ്ധിമുട്ടിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

