ബിഷപ് ഫ്രാങ്കോക്കെതിരെ ഇരയായ കന്യാസ്ത്രീ ഹൈകോടതിയിൽ
text_fieldsകൊച്ചി: തന്റെയും മറ്റു സാക്ഷികളുടെയും മൊഴികൾ കുറ്റം ശരിവെക്കാൻ മതിയായിരുന്നിട്ടും ഇവ ശരിയായി വിലയിരുത്താതെയാണ് പീഡനക്കേസിൽ മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട് കോട്ടയം സെഷൻസ് കോടതി ഉത്തരവിട്ടതെന്ന് ഇരയായ കന്യാസ്ത്രീ ഹൈകോടതിയിൽ. ബിഷപ് എന്ന അധികാരം ഉപയോഗിച്ചാണ് ഫ്രാങ്കോ പീഡിപ്പിച്ചത്. ജലന്ധർ രൂപതയുടെ കീഴിൽ കുറവിലങ്ങാടുള്ള കോൺവെന്റിൽവെച്ചാണ് ഫ്രാങ്കോ 13 തവണ ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതിനെ ചെറുക്കാനുള്ള ശ്രമങ്ങളെല്ലാം ബിഷപ് എന്ന അധികാരം ഉപയോഗിച്ച് അടിച്ചമർത്തുകയായിരുന്നുവെന്നും അപ്പീൽ ഹരജിയിൽ പറയുന്നു.
ബിഷപ്പിന്റെ ഇഷ്ടത്തിന് വഴങ്ങാതായതോടെ മദർ സുപ്പീരിയർ എന്ന പദവിയിൽനിന്ന് സാധാരണ കന്യാസ്ത്രീയാക്കി തരംതാഴ്ത്തി. ഇത്തരമൊരു നടപടി രൂപതയിൽ ആദ്യമായാണ്. ആദ്യമായാണ് ബിഷപ്പിനെതിരെ ഒരു കന്യാസ്ത്രീ പീഡന പരാതി ഉന്നയിക്കുന്നതും. എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെ വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തന്റെ സുരക്ഷിതത്വവും ആത്മവിശ്വാസവും സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്നതാണ്. തന്നെ പിന്തുണച്ച കന്യാസ്ത്രീകൾപോലും സഭയിൽനിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യത്തിലാണ്. സഭാംഗം എന്ന നിലയിലാണ് പീഡനത്തിനിരയായത് എന്നതിനാൽ തന്നെ പുനരധിവസിപ്പിക്കുന്നതിൽ സഭക്കും ഉത്തവാദിത്തമുണ്ട്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി പ്രതിയെ കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

