1200 കി.മീറ്റർ ജില്ല റോഡുകൾ നവീകരിക്കും; സംസ്ഥാന ഹൈവേകളുടെ വീതിയും കൂട്ടുമെന്നും നയപ്രഖ്യാപനം
text_fieldsതിരുവനന്തപുരം: 2026ൽ സംസ്ഥാനത്തെ 1200 കി.മീറ്റർ ജില്ല റോഡുകൾ ‘ബി.എം ആൻഡ് ബി.സി’ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശം. ഇതിനൊപ്പം സംസ്ഥാന ഹൈവേകളുടെ വീതിയും കൂട്ടും.
റോഡ് മെയിൻറനൻസ് മാനേജ്മെൻറ് സിസ്റ്റം മുഖേന 31,000 കി.മീറ്റർ റോഡുകൾ ഡിജിറ്റൈസ് ചെയ്യുമെന്നും പ്രഖ്യാപനത്തിലുണ്ട്. കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന പരിധി വിപുലമാക്കാൻ തമിഴ്നാടും കർണാടകയുമായി പുതിയ സപ്ലിമെൻററി അന്തർ സംസ്ഥാന കരാറിൽ ഏർപ്പെടും. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
മറ്റ് പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ
- നടപ്പു സാമ്പത്തിക വർഷം കേരള സെൻറർ ഫോർ ഡിസീസ് കൺട്രോൾ പ്രവർത്തനം തുടങ്ങും.
- സംസ്ഥാനത്തെ എല്ലാ മെഡി. കോളജുകളുമായി ബന്ധപ്പെട്ട് അഞ്ച് വർഷത്തിനുള്ളിൽ ‘ആശ്വാസ്’ കെട്ടിടങ്ങൾ നിർമിക്കാൻ സമഗ്ര പദ്ധതി.
- 700 ഡിസ്പെൻസറികളെ ആയുഷ് ഹെൽത്ത് വെൽനസ് സെൻററുകളായി ഉയർത്തും.
- സംയോജിത പരിചരണ സംവിധാനം ഉറപ്പാക്കുന്നതിന് വയോജന നയം പരിഷ്കരിക്കും.
- ഫെബ്രുവരിയിൽ കണ്ണൂർ കല്യാട്ട് ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം.
- വിജ്ഞാന കേരളവുമായി സഹകരിച്ച് ഷെഡ്യൂൾഡ് ട്രൈബ് യൂത്ത് എംപ്ലോയ്മെൻറ് സ്കീമിന് കീഴിൽ 10,000 പട്ടികവർഗ യുവജനങ്ങൾക്ക് തൊഴിലും ഇന്റേൺഷിപ്പും.
- ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് പൊതു- സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഗോഡൗണുകൾ നിർമിക്കും.
- പൊതുവിതരണ വകുപ്പിന് കീഴിലെ എല്ലാ ഓഫിസുകൾക്കും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടുന്നതിന് ഇടപെടലുണ്ടാകും.
- അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കപ്പെട്ട കുടുംബങ്ങൾക്ക് സഹായം നൽകാനും ഉപജീവന സുരക്ഷ ഉറപ്പാക്കാനും ഫാമിലി ബെനിഫിറ്റ് കാർഡ് നടപ്പാക്കും.
- കൊച്ചിയിൽ 500 ടൺ വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ നിർമാണം 2026 മെയിൽ ആരംഭിക്കും.
- അത്യാധുനിക സംവിധാനങ്ങളിലൂടെ ജൈവമാലിന്യം സംസ്കരിക്കാനുള്ള ഇടപെടലുകൾക്ക് മുൻഗണന നൽകും.
- വ്യവസായ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ നിർമാണം ഉടൻ ആരംഭിക്കും.
- വിദേശത്ത് ജോലി ചെയ്യുന്ന വനിതകൾക്ക് പിന്തുണയും കൗൺസിലിങും നൽകാൻ നോർക വഴി വനിതാ സെൽ ആരംഭിക്കും.
- സംസ്ഥാന വികസനത്തിന് പ്രവാസി കേരളീയ സമൂഹത്തിന്റെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിന് ലോക കേരളം ഓൺലൈൻ പോർട്ടൽ ആരംഭിക്കും.
കേരളം സാമ്പത്തികനില ഭദ്രമാക്കി; അതിദാരിദ്ര്യം നിർമാർജനം ചെയ്തു
തിരുവനന്തപുരം: സർക്കാർ പദ്ധതികളിൽ അവകാശവാദങ്ങൾ നിരത്തിയും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചും നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം. സ്വന്തം വരുമാനം വർധിപ്പിച്ചും ചെലവുകൾ യുക്തിസഹമാക്കിയും കേരളം സാമ്പത്തിക നില ഭദ്രമാക്കിയെന്ന് ഗവർണറുടെ നയപ്രഖ്യാപനത്തിൽ അവകാശപ്പെടുന്നു. മൊത്തം വരുമാനത്തിന്റെ ഏകദേശം 75 ശതമാനം സ്വന്തം വരുമാനവും, സ്വന്തം നികുതി വരുമാനം 61 ശതമാനവുമാണ്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. കടമെടുപ്പ് പരിധിയിൽ മുൻകാല പ്രാബല്യത്തോടെ വരുത്തിയ കുറവ് സർക്കാർ നേരിടുന്ന പക്ഷപാതപരമായ നടപടിയാണെന്ന് പ്രസംഗത്തിൽ പറയുന്നു.
കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 2015 -16ലെ 5.26 ലക്ഷം കോടി രൂപയിൽ നിന്ന് 2024-25ൽ 12.49 കോടി രൂപയായി വർധിച്ചതിലൂടെ പ്രതിശീർഷ വരുമാനം 2016ലെ 1,66,246 രൂപയിൽ നിന്ന് 2024ൽ 3,08,338 രൂപയായി ഉയർന്നുവെന്നും പ്രസംഗത്തിലുണ്ട്.
സാര്‍വത്രിക വിദ്യാഭ്യാസ അവകാശം, ആരോഗ്യ സംരക്ഷണം, പൊതുശുചിത്വം, സാമൂഹിക സുരക്ഷ മുതലായവ ലഭ്യമാക്കി അതിദാരിദ്ര്യം ഫലപ്രദമായി നിർമാര്‍ജനം ചെയ്തതായും അവകാശപ്പെടുന്നു. 80 ശതമാനത്തിലേറെ വയോജനങ്ങളെ വിവിധ പെൻഷൻ പദ്ധതികളിൽ ഉൾപ്പെടുത്തി.
സമയപരിധിക്കകം സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് പാസാക്കിയ ‘കേരള സേവനാവകാശ നിയമ’ത്തിന്റെ ചട്ടം രൂപവത്കരിക്കാൻ ശ്രമം നടക്കുന്നു. ഏക കിടപ്പാടം സംരക്ഷണ ബിൽ, മലയാള ഭാഷ ബിൽ എന്നീ നിയമനിർമാണങ്ങൾ നേട്ടമായി സർക്കാർ എണ്ണുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതിയിലൂടെ കേന്ദ്ര സഹായം 100 ശതമാനത്തിൽ നിന്ന് 60 ആയി കുറഞ്ഞത് കേരളത്തിന് തിരിച്ചടിയാണെന്നും പ്രസംഗത്തിലുണ്ട്. 10 വർഷത്തിനിടെ 4,10,958 പട്ടയങ്ങൾ കൈമാറിയെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
‘നേറ്റിവിറ്റി കാർഡ്’: നടപടികളുമായി മുന്നോട്ട്, 100 കേന്ദ്രങ്ങളിൽ ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്ററുകൾ
തിരുവനന്തപുരം: ‘നേറ്റിവിറ്റി കാർഡ്’ നടപ്പാക്കാനുള്ള നിയമനിർമാണ നടപടികൾ അവസാനഘട്ടത്തിലെന്ന് നയപ്രഖ്യാപനം. ഇന്ത്യക്കാരൻ എന്നതിനൊപ്പം ‘കേരളീയൻ’ എന്ന അഭിമാനബോധം വളർത്താനാണ് സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാർഡ് വിതരണം ചെയ്യാൻ പദ്ധതി ആവിഷ്കരിച്ചതെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു.
* ഭൂരേഖകളുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കാനുള്ള ഡിജിറ്റൽ റീസർവേ പദ്ധതി പൂർത്തീകരിക്കും. 10 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവേ നടപടികൾ പൂർത്തീകരിക്കുകയും ഏകജാലക സംവിധാനമായ ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
* കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ മുഖേനെ വർക്ക് നിയർ ഹോം പദ്ധതി 25 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. വിജ്ഞാന കേരളത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം 100 ബ്ലോക്കുകളിൽ ‘ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്ററുകൾ’ സ്ഥാപിക്കും.
* രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സബ് രജിസ്ട്രാർ ഓഫിസുകൾ നവീകരിക്കും.
* കെ.എഫ്.സിയുടെ മൂലധന അടിത്തറ 1000 കോടിയായി ഉയർത്തും
* കെ.എസ്.എഫ്.ഇയുടെ ഉപഭോക്തൃ അടിത്തറ ഒരു കോടിയായും വിറ്റുവരവ് 1,25,000 കോടിയായും വർധിപ്പിക്കും.
മുല്ലപ്പെരിയാർ സുരക്ഷ പരിശോധിക്കും
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ ഉറപ്പാക്കാനും ഘടനപരമായ ബലം പരിശോധിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിലെ പട്ടിശേരി ഡാം ഫെബ്രുവരി 15ന് കമീഷൻ ചെയ്യും.
പൂർത്തീകരണ ഘട്ടത്തിലുള്ള മറ്റു ജലസേചന പദ്ധതികളായ ബാണാസുര സാഗർ പ്രധാന കനാൽ മേയിലും കാരാപ്പുഴ പദ്ധതി ഡിസംബറിലും പൂർത്തിയാകും. വൈദ്യുതി സംഭരണത്തിലും കാറ്റാടി ഊർജ മേഖലയിലും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും. ജലസേചന വകുപ്പിന് കീഴിലെ ‘ഇറിഗേഷൻ ടൂറിസം’ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. കൊല്ലം, ബേപ്പൂർ തുറമുഖങ്ങളുടെ വികസനം സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും.
മുഴച്ചുനിൽക്കുന്നത് സർക്കാറിന്റെ പരാജയം -സതീശൻ
തിരുവനന്തപുരം: തെറ്റായ അവകാശവാദങ്ങളും അർധസത്യങ്ങളും കുത്തിനിറച്ച് സര്‍ക്കാര്‍ ഗവര്‍ണറെകൊണ്ട് പ്രസംഗിപ്പിച്ച തെറ്റായ ഡോക്യുമെന്റാണ് നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
സര്‍ക്കാറിന്റെ പരാജയം വരികള്‍ക്കിടയിൽ മുഴച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് നയപ്രഖ്യാപനം. കേന്ദ്രത്തില്‍ നിന്ന് 53,000 കോടി ലഭിക്കാനുണ്ടെന്ന് പറഞ്ഞുനടന്ന സര്‍ക്കാര്‍ അതൊന്നും നയപ്രഖ്യാപനത്തില്‍ പറയുന്നില്ല. ഇപ്പോള്‍ മറ്റു ചില കണക്കുകളാണ് പറയുന്നത്. അതിദാരിദ്ര്യമുക്തമായെന്ന പച്ചക്കള്ളം വീണ്ടും കൊട്ടിഘോഷിക്കുകയാണ്. ആരോഗ്യരംഗം മികച്ചതാണെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. യഥാർഥത്തില്‍ കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണ്.
തകര്‍ന്ന് തരിപ്പണമായ നാലു വര്‍ഷ കോഴ്സുകളും ഉന്നത വിദ്യാഭ്യാസ രംഗവുമാണ് കേരളത്തിലുള്ളത്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരും കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരുമില്ല. കുട്ടികൾ സംസ്ഥാനം വിട്ടുപോകുകയാണ്. മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുകയാണ്. ഇടുക്കിക്കും വയനാടിനും പ്രഖ്യാപിച്ച 5000 കോടികളുടെ പാക്കേജും കടലാസില്‍ മാത്രമായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

