കേൾവി-സംസാര പരിമിതിയുള്ളവർ ചോദിക്കുന്നു: ഞങ്ങൾക്കെന്തിന് അയോഗ്യത?
text_fieldsതൃശൂർ: നാടെങ്ങും തെരഞ്ഞെടുപ്പ് ആവേശത്തിലാകുമ്പോൾ മത്സരത്തിൽനിന്നു പുറത്താക്കപ്പെട്ട് കേൾവി-സംസാര പരിമിതി നേരിടുന്നവർ. തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവുപ്രകാരം കേൾവി-സംസാര പരിമിതി നേരിടുന്നവർ അയോഗ്യരാണ്. ശാരീരികപ്രശ്നങ്ങളുടെ പേരിൽ സ്ഥാനാർഥിയാകാൻ വിലക്കുള്ളത് ഇവർക്കു മാത്രമാണ്. സർക്കാർ ജീവനക്കാർ, ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവർ, തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കിയവർ തുടങ്ങിയവർക്കൊപ്പം തന്നെയാണ് ബധിര-മൂകരെയും ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ അയോഗ്യത പദവികളുടെയും കുറ്റങ്ങളുടെയും പേരിലാണ്. അതേസമയം, ശാരീരിക പരിമിതിയുടെ പേരിലാണ് കേൾവി-സംസാര പരിമിതി നേരിടുന്നവർക്ക് അയോഗ്യത കൽപിച്ചത്.
മത്സരിക്കാനുള്ള യോഗ്യത സംബന്ധിച്ച് വ്യക്തത വരുത്തി പുറത്തിറക്കിയ സർക്കുലറിലാണ് ‘ഒരാൾ ബധിരമൂകനാണെങ്കിലും അയോഗ്യനാണ്’ എന്ന് വ്യക്തമാക്കുന്നത്. ഭിന്നശേഷി നയത്തിന്റെ ഭാഗമായി സർക്കാർ ഉപയോഗിക്കരുതെന്ന് നിർദേശിച്ച പദമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2016ലെ ആർ.പി.ഡബ്ല്യു.ഡി ആക്ട് (റൈറ്റ്സ് ഓഫ് പേഴ്സൻസ് വിത്ത് ഡിസെബിലിറ്റീസ്) പ്രകാരം കേരളത്തിൽ 22 വിഭാഗം ഭിന്നശേഷിക്കാരാണുള്ളത്. ഇതിൽ സംസാര-കേൾവി പരിമിതിയുള്ളവരെ മാത്രമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്.
ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാവർക്കും തുല്യതയെന്ന അവകാശത്തെയും തെരഞ്ഞെടുപ്പ് കമീഷൻ ഇല്ലാതാക്കിയെന്നും ആക്ഷേപമുണ്ട്. കേൾക്കാനും സംസാരിക്കാനും കഴിയാത്തവർ മത്സരിക്കാൻ യോഗ്യരല്ലെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമീഷൻ മാറ്റിനിർത്തിയത് തികച്ചും അശാസ്ത്രീയവും ഭരണഘടനവിരുദ്ധവുമാണെന്ന് ഓൾ കേരള പാരന്റ്സ് ഹിയറിങ് ഇംപയേഡ് (അക്പാഹി) സംസ്ഥാന സെക്രട്ടറി എം. മൊയ്തീൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനും സർക്കാറിനും പരാതി നൽകും. നടപടി സ്വീകരിച്ചില്ലെങ്കിൽ അക്പാഹിയുടെ നേതൃത്വത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

