ഇറക്കത്തിലെ ന്യൂട്രൽ ഓട്ടം വിനയായി; ബസ് ഡ്രൈവർക്കെതിരെ കേസ്
text_fieldsപത്തനംതിട്ട: അയ്യപ്പഭക്തരുടെ ബസ് നാറാണംതോട്ടിൽ അപകടത്തിന് ഇടയാക്കിയത് ഗിയർ മാറ്റി ന്യൂട്രലിൽ സഞ്ചരിച്ചതാണെന്ന് പരിശോധനയിൽ കണ്ടെത്തി. ബസ് ഇറക്കം ഇറങ്ങുമ്പോൾ ഇന്ധനം ലാഭിക്കാൻ ഡ്രൈവർ ഗിയർ മാറ്റി ന്യൂട്രലിൽ ഇട്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
എൻജിൻ ഓഫാക്കുകയും ഇടക്കിടെ ബ്രേക്ക് ചെയ്യുകയും ചെയ്തപ്പോൾ ബ്രേക്കിങ് സംവിധാനത്തിൽനിന്ന് എയർ ചോർന്നു. ഇതോടെ ബ്രേക്കിട്ടപ്പോൾ ബസ് നിയന്ത്രണം വിട്ടെന്നാണ് കരുതുന്നത്. ഇലവുങ്കലില്‍നിന്ന് ഇറക്കം തുടങ്ങിയപ്പോള്‍ തന്നെ ബസ് ന്യൂട്രൽ ഗിയറിലായിരുന്നു. എയര്‍ ഡ്രമ്മില്‍ എയറും ഇല്ലായിരുന്നു.
ബ്രേക്ക് കിട്ടാതായപ്പോള്‍ വലതുവശത്തേക്ക് പരമാവധി ഒതുക്കാനാണ് ഡ്രൈവര്‍ ശ്രമിച്ചത്. ഈ വശത്തെ കയ്യാലയില്‍ ഇടിപ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിവേഗം ഉരുണ്ട് കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപെട്ട ബസിന്റെ വാതില്‍ ഭാഗം അടിവശത്ത് ആകാതിരുന്നതാണ് പരിക്കേറ്റവരെ പുറത്തെടുക്കാന്‍ സഹായകമായത്. ഇതിനിടെ അപകടകരമായി വാഹനം ഓടിച്ചതിന് ബസ് ഡ്രൈവർ ബാലസുബ്രഹ്മണ്യത്തിനെതിരെ പമ്പ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇയാൾ അശ്രദ്ധമായും അലക്ഷ്യമായുമാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. തലക്കും കാലിനും പരിക്കേറ്റ ഇയാൾ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരുകയാണ്. ഇയാളുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷമെ തുടർനടപടി ഉണ്ടാകൂ.അപകട കാരണം അറിയിക്കാൻ ഹൈകോടതി ദേവസ്വം ബെഞ്ച് എൻഫോഴ്സ്മെന്റ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ശബരിമല റൂട്ടിൽ വരുന്ന വാഹനങ്ങൾ ഇറക്കം ഇറങ്ങുമ്പോൾ ഗിയർ മാറ്റി ന്യൂട്രലിൽ പോകരുതെന്ന് മോട്ടോർവാഹന വകുപ്പിന്റെ കർശന നിർദേശമുള്ളതാണ്.
സീസൺ സമയത്ത് മാത്രം അപകട മുന്നറിയിപ്പ്
വടശ്ശേരിക്കര റൂട്ടില്‍ ഇലവുങ്കല്വരെ ഭാഗത്ത് ഇരുപത്തിയഞ്ചോളം വളവുകളും എരുമേലി റൂട്ടില്‍ ഇലവുങ്കല്വരെ ഭാഗത്ത് ഇരുപതോളം വളവുമാണുള്ളത്. നിലക്കല്‍ മുതല്‍ പമ്പവരെ വേറെയും. ഇത്രയും ഭാഗങ്ങളില്‍ സീസണ് സമയത്ത് അപകടമുന്നറിയിപ്പ് ബോര്‍ഡുകൾ വെക്കാറുണ്ടെങ്കിലും സീസണ് കഴിയുമ്പോള്‍ ഇവ എടുത്ത് മാറ്റാറാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

