യുവതിയുടെയും കുഞ്ഞിന്‍റെയും കൊലപാതകം; മാഹിന്‍റെയും റുഖിയയുടെയും അറസ്റ്റ് രേഖപ്പെടുത്തി
text_fieldsതിരുവനന്തപുരം: ഊരൂട്ടമ്പലത്തെ അമ്മയെയും കുഞ്ഞിനെയും 11 വർഷം മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മാഹിൻകണ്ണിന്‍റെയും ഭാര്യ റുഖിയയുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിദ്യയെയും മകൾ ഗൗരിയെയും തമിഴ്നാട്ടിലെ ആളില്ലാത്തുറ എന്ന സ്ഥലത്തെ കടലിൽ തള്ളിയെന്ന് പ്രതികള്‍ സമ്മതിച്ചെന്ന് തിരുവനന്തപുരം റൂറൽ എസ്.പി ഡി. ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു.
ആശുപത്രിയിലെത്തി വിദ്യയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ട് മാഹിൻ മരണം ഉറപ്പിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു. മാഹിനെതിരെ കൊലപാതകക്കുറ്റവും റുഖിയക്കെതിരെ ഗൂഢാലോചനക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. വിദ്യയെയും കുഞ്ഞിനെയും ഒഴിവാക്കാൻ റുഖിയ നിരന്തരം നിർബന്ധിച്ചതിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് മാഹിൻ പൊലീസിനോട് സമ്മതിച്ചു.
2011 ആഗസ്റ്റ് 18 നാണ് തമിഴ്നാട് കുളച്ചലിന് സമീപം കടലിൽ തള്ളിയിട്ട് ഇരുവരെയും കൊന്നത്. പിറ്റേന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പോയി മാഹിൻ കാണുകയും ചെയ്തു.
പിന്നാലെ ഇരുവരുടെയും മരണം ഉറപ്പുവരുത്തി വിവരം റുഖിയയെ അറിയിച്ചു. വിദ്യയുടെ മൃതദേഹം തേങ്ങാപ്പട്ടണത്തുനിന്നും മകൾ ഗൗരിയുടെ മൃതദേഹം കുളച്ചൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നുമാണ് കിട്ടിയത്.
സംശയത്തിന് കാരണം വിദ്യയുടെ കുറിപ്പ്
തിരുവനന്തപുരം: മാഹീൻകണ്ണിലേക്ക് ആദ്യം മുതൽ സംശയമെത്താൻ കാരണം വിദ്യയുടെ കുറിപ്പ്. 'അണ്ണൻ ഒരിക്കലും എന്നെയും കുട്ടിയെയും നോക്കില്ല. അണ്ണന് ഭാര്യയും മക്കളും എന്ന ചിന്ത മാത്രമാണുള്ളതെന്ന്' വിദ്യ നോട്ട്ബുക്കിൽ കുറിച്ച വരികളാണ് 11 വർഷത്തിനുശേഷം പ്രതി മാഹീൻകണ്ണ് തന്നെയാണെന്ന് ഉറപ്പിക്കാൻ സഹായകമായത്.
മത്സ്യക്കച്ചവടക്കാരനായിരുന്ന മാഹീൻകണ്ണിനെ ചന്തയിൽവെച്ചാണ് വിദ്യ പരിചയപ്പെടുന്നത്. ഒരുമിച്ച് ജീവിക്കുന്നതിനിടെ വിദ്യ പെൺകുഞ്ഞിന് ജന്മം നൽകി. . 'എന്നെയും വാവച്ചിയെയും കുറിച്ച് അണ്ണൻ ചിന്തിക്കുന്നില്ല. എനിക്കും വാവക്കും എന്തെങ്കിലും സംഭവിച്ചാൽ മനു അണ്ണനാണ് (മാഹീൻകണ്ണ്) കാരണം' -വിദ്യ എഴുതി.
ഇതുകണ്ടാണ് വീട്ടുകാരുടെ സംശയം വർധിച്ചത്. വിദ്യയെ കാണാതായ ദിവസം മാതാവ് രാധ നിരവധി തവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് മാഹീന്‍കണ്ണാണ് ഫോൺ എടുത്തത്. ഫോൺ വിദ്യക്ക് കൊടുക്കാൻ കഴിയില്ലെന്നും കുഞ്ഞിന് ഹോട്ടലിൽനിന്ന് ഭക്ഷണം കൊടുക്കുകയാണെന്നും മറുപടി നൽകി. അപ്പോൾ മുതൽ മാഹീൻകണ്ണിൽ രാധക്ക് സംശയം ഉയർന്നു. നാലാംദിവസം കുടുംബം പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

