വിളക്കുപാറയിലെ മധ്യവയസ്കയുടെ കൊലപാതകം; ആറ് മാസത്തിനുശേഷം പ്രതി അറസ്റ്റിൽ
text_fieldsവിളക്കുപാറയിൽ മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മോഹനനെ തെളിവെടുപ്പിനായി കൊണ്ടുവരുന്നു
അഞ്ചൽ: വിളക്കുപാറയിൽ ഒറ്റക്ക് താമസിച്ചു വന്ന മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ആറ് മാസങ്ങൾക്ക് ശേഷം ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ വിളക്കുപാറ ദർഭപണയിൽ ശരണ്യാലയത്തിൽ മോഹനൻ (60) ആണ് അറസ്റ്റിലായത്.ഫെബ്രുവരി 26ന് വൈകീട്ട് നാലോടെയാണ് ഏരൂർ വിളക്കുപാറ പാറവിളവീട്ടിൽ വത്സലയുടെ (58) മൃതദേഹം സംശയാസ്പദ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് ഉൾപ്പെടെ തൊഴിലെടുത്ത് ജീവിച്ചിരുന്ന വത്സല ഒറ്റക്കാണ് താമസിച്ചിരുന്നത്.
ദിവസവും രാവിലെ സമീപത്തെ ചായക്കടയിലെത്തിയിരുന്ന വത്സലയെ സംഭവദിവസം കാണാതിരുന്നതിനെത്തുടർന്ന് പരിസരവാസികൾ പ്രാഥമികാന്വേഷണം നടത്തിയിരുന്നുവെങ്കിലും വിവരങ്ങൾ ലഭിച്ചിരുന്നില്ല. തുടർന്ന് വേറെ താമസിക്കുന്ന മകൻ ഷിബുവിന്‍റെ സാന്നിധ്യത്തിൽ നാട്ടുകാർ വീടിന്‍റെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് വത്സലയുടെ മൃതദേഹം കണ്ടത്. വാതിലിലും ഭിത്തിയിലും തറയിലും ചോരപ്പാടുകളും ദേഹത്ത് മുറിവുകളും കണ്ടത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഏരൂർ എസ്.എച്ച്.ഒ പ്രതാപചന്ദ്രൻ, എസ്.ഐ ശരലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തുടർ നടപടികളെടുത്തത്. കേസന്വേഷണത്തിന്‍റെ ഭാഗമായി സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ഇവരുടെ ഡി.എൻ.എ ടെസ്റ്റ് നടത്തി തെളിവുകൾ ശേഖരിച്ചിരുന്നുവെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ, വത്സലയുടെ മകനും മുൻ പഞ്ചായത്തംഗവുമായ ഷിബു എന്നിവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
പിന്നാലെ കൊല്ലം റൂറൽ എസ്.പിയുടെ നിർദേശാനുസരണം പുനലൂർ ഡിവൈ.എസ്.പി വിനോദിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും രഹസ്യാന്വേഷണ സംഘവും രൂപവത്കരിച്ച് നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.മേസ്തിരി പണിക്കാരനാണ് പിടിയിലായ പ്രതി മോഹനൻ. ഇയാൾ പരിചയക്കാരനായിട്ടും വത്സലയുടെ ശവമടക്ക് ദിവസം അവിടെ വരുകയോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്ന കണ്ടെത്തലും അറസ്റ്റിന് സഹായമായി.
കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ, അന്നേ ദിവസം മദ്യപിച്ച ശേഷം സ്വന്തം വീട്ടിൽ ഉറങ്ങിയെന്നും രാത്രിയിലാണ് വത്സലയുടെ വീട്ടിലേക്ക് പോയതെന്നും ഇയാൾ മൊഴി നൽകി. പീഡനശ്രമത്തിനിടെയുണ്ടായ വത്സലയുടെ ചെറുത്തുനിൽപ്പാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതി കുറ്റംസമ്മതം നടത്തിയതായും പൊലീസ് പറയുന്നു. പ്രതിയെ വിളക്കുപാറയിലെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനുശേഷം പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

