മുസ്ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ കലാശിച്ചത് രാഷ്ട്രീയ അസ്വാരാസ്യവും കുടുംബവഴക്കും
text_fieldsമരിച്ച സമീർ ബാബു
കീഴാറ്റൂർ (മലപ്പുറം): ഒറവംപുറത്ത് ബുധനാഴ്ച രാത്രി യുവാവ് കുത്തേറ്റ് മരിക്കാനിടയായ സംഭവം സി.പി.എം-മുസ്ലിം ലീഗ് രാഷ്ട്രീയ അസ്വാരാസ്യത്തെ തുടർന്ന് രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയെന്ന് പൊലീസ്. കീഴാറ്റൂർ ഒറവംപുറം ആലിങ്ങലിലെ ആര്യാടൻ വീട്ടിൽ ഹസൻ കുട്ടിയുടെ മകൻ സമീർ ബാബുവാണ് (29) മരിച്ചത്. ഇയാളുടെ ബന്ധുവും പ്രതികളിലൊരാളും തമ്മിൽ ബുധനാഴ്ച രാത്രി പാണ്ടിക്കാട് അങ്ങാടിയിൽ വാക്തർക്കമുണ്ടായതായി പറയപ്പെടുന്നു.
പിന്നീട് ഇരുകൂട്ടരും തമ്മിൽ ഒറവംപുറം അങ്ങാടിയിൽ വാക്കേറ്റമുണ്ടാവുകയും സംഘർഷത്തിലെത്തുകയുമായിരുന്നു. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന സമീറിെൻറ ബന്ധു ഹംസക്കും കുത്തേറ്റിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത് മൂന്നുതവണ സി.പി.എം-ലീഗ് പ്രവർത്തകർ തമ്മിൽ ചെറിയതോതിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ മേലാറ്റൂർ പൊലീസ് കേസെടുത്തിരുന്നു. ആഹ്ലാദ പ്രകടനത്തിൽ കിഴക്കുംപറമ്പൻ കുടുംബാംഗങ്ങളുടെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം.
പിന്നീട് ഇരുകുടുംബങ്ങളിലെയും ആളുകൾ ഇക്കാരണം പറഞ്ഞ് വാക്കേറ്റം പതിവാകുകയും ഇടക്ക് സംഘർഷസാധ്യത വരെയെത്തുകയും ചെയ്തു. ഇതിനിടെ രാഷ്ട്രീയ നേതൃത്വവും പൊലീസും ഇടപെട്ട് പ്രശ്നങ്ങൾ മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിച്ചിരുന്നു. വിശദ അന്വേഷണം നടത്തി ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് എസ്.പി യു. അബ്ദുൽ കരീം പറഞ്ഞു.
സംഭവത്തിൽ നാലുപേരെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒറവംപുറം കിഴക്കുംപറമ്പിൽ നിസാം (22), കിഴക്കുംപറമ്പിൽ മോയിൻ ബാപ്പു (47), കിഴക്കുംപറമ്പിൽ മജീദ് എന്ന ബാഷ (39), ഐലക്കര യാസർ എന്ന കുഞ്ഞാണി (21) എന്നിവരാണ് പിടിയിലായത്.
ബന്ധുവിനെ റോഡിൽ മർദിക്കുന്നത് കണ്ട സമീർ തൊട്ടടുത്തുള്ള തെൻറ പലചരക്ക് കടയിൽനിന്ന് ഒാടിയെത്തുകയായിരുന്നു. തുടർന്നാണ് കുത്തേറ്റത്.
സി.പി.എം പ്രവർത്തകരാണ് ആസൂത്രിത കൊലപാതകത്തിന് പിന്നിലെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണിതെന്നും ആരോപിച്ച് മുസ്ലിം ലീഗ് നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. മൃതദേഹം സൂക്ഷിച്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഒറവംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ വൈകീട്ട് നാേലാടെ ഖബറടക്കി. ആറുമാസം മുമ്പായിരുന്നു സമീർ ബാബുവിെൻറ വിവാഹം. ഭാര്യ ഷിഫ്ന (കുട്ടശ്ശേരി) മൂന്നുമാസം ഗർഭിണിയാണ്. മാതാവ്: ആസ്യ. സഹോദരങ്ങൾ: മുനീർ, സഫീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

