സാക്ഷരത മിഷനിൽ കരാർ നിയമനത്തിന് വഴിവിട്ട നീക്കം
text_fieldsമലപ്പുറം: പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് സംസ്ഥാന സാക്ഷരത മിഷനിൽ കരാർ നിയമനത്തിന് വഴിവിട്ട നീക്കം. സംസ്ഥാന മിഷൻ ഓഫിസിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന 16 ജീവനക്കാർക്കാണ് കരാർ വ്യവസ്ഥയിൽ പുനർ നിയമനം നൽകുന്നത്. സംസ്ഥാന സാക്ഷരത മിഷൻ ഓഫിസിൽ ജോലി ചെയ്യുന്ന മൂന്ന് അസി. കോഓഡിനേറ്റർമാർ, അക്കൗണ്ടന്റ്, ക്ലറിക്കൽ വിഭാഗത്തിലെ 13 ജീവനക്കാർ എന്നിവരെയാണ് ചട്ടങ്ങൾ കാറ്റിൽ പറത്തി ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നത്.
ഇതിനായി സംസ്ഥാന മിഷൻ ഡയറക്ടർ വ്യാഴാഴ്ച പ്രിൻസിപ്പൽ സെക്രട്ടറിക്ക് ശിപാർശ അയച്ചതായി സൂചനയുണ്ട്. നിയമനങ്ങൾ ഉൾപ്പെടെ ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന സാക്ഷരത മിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി വേണം. എന്നാൽ, എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല.
ഡയറക്ടർക്ക് സ്വന്തം നിലക്ക് നിയമന ഉത്തരവിറക്കാൻ അധികാരമില്ലെന്നിരിക്കെ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ പേരിൽ നിയമന ഉത്തരവ് ഇറക്കാനാണ് നീക്കം. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് സി.പി.എം താൽപര്യപ്രകാരം നിയമിതരായവരെയാണ് കരാർ വ്യവസ്ഥയിൽ പുനർനിയമിക്കാൻ നീക്കം നടക്കുന്നത്. പുതിയ സർക്കാർ അധികാരമേൽക്കും മുമ്പ് നിയമന ഉത്തരവ് പ്രാബല്യത്തിലാക്കാനാണ് നീക്കം. സാക്ഷരത മിഷൻ ഡയറക്ടർ വെള്ളിയാഴ്ച സ്ഥാനമൊഴിയാനിരിക്കെയാണ് ചട്ടവിരുദ്ധ നിയമനത്തിന് തിരക്കിട്ട നീക്കം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

