അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ ഇനി മൂന്ന് ഹെക്ടർ ഭൂമിക്ക് ഉടമ
text_fieldsപാലക്കാട് : അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ ഇനി മൂന്ന് ഹെക്ടർ ഭൂമിക്ക് ഉടമ. പാലക്കാട് നടന്ന സംസ്ഥാന പട്ടയ മേളയിൽ മന്ത്രി കെ. രാജൻ മധുവിന്റെ അമ്മ മല്ലിക്ക് പട്ടയ രേഖകൾ കൈമാറി. വനാവകാശ നിയമപ്രകാരം അട്ടപ്പാടി കടുകമണ്ണയിലെ മൂന്ന് ഹെക്ടറോളം സ്ഥലമാണ് മല്ലിക്ക് കൈമാറിയത്.
മന്ത്രി രാജൻ പ്രത്യേക താല്പര്യമെടുത്താണ് മധുവിന്റെ കുടുംബത്തിന് പട്ടയം ലഭ്യമാക്കിയത്. മധുവിന്റെ പൂർവികർനൂറ്റാണ്ടുകൾക്ക് മുമ്പ് അട്ടപ്പാടിയിലേക്ക് കുടിയേറി പാർത്തവരാണ്. കൃഷി ചെയ്താണ് ആദിവാസികൾ ഇവിടെ ജീവിച്ച് പോന്നിരുന്നത്. ഈ പ്രദേശത്തുകാർക്ക് ആർക്കും പട്ടയം ഉണ്ടായിരുന്നില്ല.
പട്ടയം കിട്ടിയതിൽ സന്തോഷമുണ്ട്. ഒരുപാട് കാലത്തെ ആഗ്രഹമാണ് നടന്നിരിക്കുന്നത്. പട്ടയം ലഭിക്കാൻ മുൻകൈ എടുത്ത മന്ത്രിയടക്കം എല്ലാവരോടും മല്ലി നന്ദി അറിയിച്ചു. 2018 ഫെബ്രുവരിയിലാണ് മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ചിലർ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊല്ലുന്നത്. കേസിൽ 15 പ്രതികളെ കോടതി 2023ൽ തടവ് ശിക്ഷ വിധിച്ചു.
പട്ടയവിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം പാലക്കാട് കോട്ടമൈതാനിയിൽ മുഖ്യമന്ത്രി നിർവ്വഹിച്ചു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന 2016മുതൽ ജനങ്ങൾക്ക് നൽകിയ ഉറപ്പ് ഓരോന്നായി പാലിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അഞ്ചുവർഷത്തിനകം 1,77,011 പട്ടയം വിതരണം ചെയ്‌തു.
ഈ സർക്കാർ കഴിഞ്ഞ മൂന്നുവർഷം 1,80,887 പട്ടയങ്ങളും ഈ വർഷം ഇതുവരെ 43,058 പട്ടയങ്ങളും വിതരണംചെയ്‌തു. ഈ വർഷം ഒരു ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

