പത്തനംതിട്ട: ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന അമ്മയുടെ കൈയിൽ നിന്ന് പിടിവിട്ട് റോഡില്‍ വീണ പിഞ്ചുകുട്ടി മരിച്ചു. ആലപ്പുഴ കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിന്‍റെയും ഗീതയുടെയും മൂന്ന് മാസം പ്രായമുള്ള മകൻ ആദവ് ആണ് മരിച്ചത്.
തിരുവല്ല കവിയൂരിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീടിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. പനിയായിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുംവഴിയായിരുന്നു അപകടം. കുട്ടിയേയും കൈയിൽ പിടിച്ച് രഞ്ജിത്തിന്‍റെ ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്നു ഗീത. ഗീതക്ക് തലകറങ്ങിയതോടെ കുഞ്ഞ് പിടിവിട്ട് റോഡിലേക്ക് വീഴുകയായിരുന്നു.
റോഡില്‍ വീണ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് കണ്ടതിനാല്‍ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയോടെ കുഞ്ഞിന് ബോധക്ഷയമുണ്ടായി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.