മോഷ്ടിച്ച വാഹനമെന്നറിയാതെ ഓട്ടോയിൽ കയറിയ അമ്മയും മകളും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു
text_fieldsനൗറിനും മകൾ സാൽവയും
മട്ടാഞ്ചേരി: മോഷ്ടിച്ച വാഹനമെന്നറിയാതെ ഓട്ടോയിൽ കയറിയ മാതാവിനും മകൾക്കും ഒടുവിൽ ജീവൻ രക്ഷിക്കാൻ ഓട്ടോയിൽനിന്ന് പുറത്തേക്ക് ചാടേണ്ടി വന്നു. ഭാഗ്യംകൊണ്ട് ഇരുവരും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഫോർട്ട്കൊച്ചി വെളി ദ്രോണാചാര്യക്ക് സമീപം മുഹമ്മദ് ഹനീഫിെൻറ ഭാര്യ നൗറിൻ ബായും മകളുമാണ് ഓട്ടോയിൽനിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്.
കഴിഞ്ഞ 23ന് വൈകീട്ട് ആറരയോടെയാണ് സംഭവം. മട്ടാഞ്ചേരി മരക്കടവ് ദാറുസ്സലാം റോഡിലെ ഭർത്താവിെൻറ വീട്ടിൽ പോയി മടങ്ങുംവഴിയാണ് ഇവർ ഓട്ടോയിൽ കയറിയത്. കയറിയപ്പോൾ കുഴപ്പം ഒന്നും തോന്നിയില്ല. പിന്നീട് ഡ്രൈവർ ഒന്നും ചോദിക്കാതെ വണ്ടി വേഗത്തിൽ എടുത്തു. പിറകിൽ ഒരു വെള്ള ജീപ്പുമുണ്ടായിരുന്നു. വേഗത്തിൽ ഓട്ടോ പോയതോടെ നിർത്താൻ ആവശ്യപ്പെട്ടു. എവിടെയും നിർത്തില്ലെന്ന് ഡ്രൈവർ പറഞ്ഞു.
ഇതിനിടെ ചില ബൈക്കുകളിലും പോസ്റ്റിലും ഇടിച്ചെങ്കിലും നിർത്തിയില്ല. കൈ പുറത്തേക്കിട്ട് പലരെയും വിളിച്ചെങ്കിലും ആർക്കും ഓട്ടോയുടെ അടുത്തെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ചക്കാമാടത്തുനിന്ന് ബസ് റൂട്ടല്ലാത്തിടത്തേക്ക് ഓട്ടോ തിരിഞ്ഞതോടെ വണ്ടിയിൽനിന്ന് ചാടാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ആദ്യം ചാടിയത് മകളായിരുന്നു. പിന്നീട് നൗറിനും ചാടി.
തലക്ക് ചെറിയ പരിക്കുകളോടെ നൗറിൻ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം മടങ്ങി. കടവന്ത്രയിൽനിന്ന് മോഷ്ടിച്ച ഓട്ടോയിലാണ് കയറിയതെന്നും പിറകിലുണ്ടായത് പൊലീസ് ജിപ്പായിരുന്നുവെന്നും ഇരുവരും പിന്നീടാണ് അറിഞ്ഞത്. ഇവർ കയറിയ ഓട്ടോ മോഷ്ടിച്ച മട്ടാഞ്ചേരി സ്വദേശി ഷിഹാബിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഇവർ രേഖാമൂലം പരാതി നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

