മർദിച്ച് നഗ്നചിത്രങ്ങളെടുത്ത് പണവും തട്ടുന്ന സംഘം വലയിൽ
text_fieldsകാക്കനാട് (കൊച്ചി): ഹണി ട്രാപ് മാതൃകയിൽ പണവും മൊബൈലും തട്ടുന്ന സംഘം പിടിയിൽ. എളങ്കുന്നപ്പുഴ പുതുവൈപ്പ് ഭജനമഠം ക്ഷേത്രത്തിന് സമീപം പുതിയനികത്തിൽ അജിത് (21), തോപ്പുംപടി വീലുമ്മേൽ തീത്തപ്പറമ്പിൽ നിഷാദ് (21), ഫോർട്ട്കൊച്ചി സ്വദേശിനി നസ്നി (23), കോഴിക്കോട് കൊടുവള്ളി യൂനിറ്റാസ് സ്റ്റേഡിയത്തിന് സമീപം കാഞ്ഞിരാട്ട് കുന്നുമ്മേൽ സാജിദ് (25) എന്നിവരെയാണ് തൃക്കാക്കര പൊലീസും തൃക്കാക്കര എ.സി.പിയുടെ പ്രത്യേക സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
പച്ചാളം സ്വദേശിയായ വ്യാപാരി നൽകിയ പരാതിയിൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽനിന്നാണ് ഇവരെ പിടികൂടിയത്. സ്ത്രീകളെ ഉപയോഗിച്ച് വ്യാപാരികളുമായി സൗഹൃദം സ്ഥാപിച്ച് അവർ താമസിക്കുന്ന മുറിയിൽ എത്തിച്ചായിരുന്നു തട്ടിപ്പ്. മർദിച്ച് നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണവും പഴ്സും മൊബൈലും കവർച്ചചെയ്യും. എ.ടി.എം കൗണ്ടറിലെത്തിച്ച്് ബാങ്ക് അക്കൗണ്ടിലെ പണവും അപഹരിച്ചിരുന്നു.
സംസ്ഥാനത്ത് പലയിടത്തും കവർച്ച നടത്തിയതായാണ് വിവരം. സാജിദ് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും അജിത് എറണാകുളത്ത് പിടിച്ചുപറി കേസിലും ജാമ്യത്തിലാണ്.

