അർബുദബാധിതനായി നാട്ടുകാർ സമാഹരിച്ച പണം ആശുപത്രിയിൽനിന്ന് മോഷണം പോയി
text_fieldsഅമ്പലപ്പുഴ: അർബുദബാധിതനായി നാട്ടുകാർ സമാഹരിച്ച് നൽകിയ പണം ആശുപത്രിയിൽനിന്ന് മോഷണം പോയി. പുറക്കാട് പഞ്ചായത്ത് 13ാം വാർഡ് തോട്ടപ്പള്ളി ആനന്ദേശ്വരം വേലങ്ങാട് വീട്ടിൽ തമ്പിക്കായി (44) സമാഹരിച്ച പണമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മോഷണം പോയത്.
തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലിരുന്ന ഇദ്ദേഹത്തെ ഫെബ്രുവരി എട്ടിനാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൃക്കയും തകരാറിലായി ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബത്തിെൻറ ദുരിതമറിഞ്ഞ ഗ്രാമപഞ്ചായത്ത് അംഗം വി. ശശികാന്തെൻറ നേതൃത്വത്തിൽ നാട്ടുകാരിൽനിന്ന് പണം സമാഹരിച്ച് കൈമാറിയിരുന്നു. വെള്ളിയാഴ്ച ഐ.സിയുവിൽ പ്രവേശിക്കുംമുമ്പ് പണമടങ്ങിയ പഴ്സ് തമ്പിയുടെ ഭാര്യ മഞ്ജു പുറത്തുവെച്ചിരുന്നു.
അൽപം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പണമെടുത്തശേഷം പഴ്സ് സമീപത്ത് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. തുടർന്ന് മറ്റ് രോഗികളും കൂട്ടിരിപ്പുകാരും ചേർന്ന് തമ്പിക്കായി സഹായം നൽകി. നിരീക്ഷണ കാമറകളൊന്നും പ്രവർത്തിക്കാത്തതിനാൽ ആശുപത്രിയിൽ പതിവായി മോഷണം നടന്നിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

