ന്യൂനപക്ഷം അകലും, മുന്നണി വിയർക്കും; പാർട്ടി കൈവിട്ടതോടെ മന്ത്രിയുടെ തിരുത്ത്
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന തിരിച്ചറിവും പ്രതിപക്ഷത്തിന് മുന്നിൽ നിയമസഭക്ക് അകത്തും പുറത്തും ഉത്തരം മുട്ടുമെന്ന സങ്കീർണ സാഹചര്യവുമാണ് വിവാദ പരാമർശങ്ങൾ പിൻവലിക്കാനും മാപ്പുപറയാനും മന്ത്രി സജി ചെറിയാനെ നിർബന്ധിതനാക്കിയത്.
പാർട്ടി പിന്തുണ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മതേതരത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ സംഘ്പരിവാർ ഭാഷ ഉപയോഗിക്കുന്നെന്ന ആരോപണം നേരിട്ടത് തെറ്റുതിരുത്തി തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മുന്നണിയെ പ്രതിരോധത്തിലാക്കി.
വിവാദം മന്ത്രിയിൽ ഒതുങ്ങാതെ സി.പി.എമ്മിലേക്കും സർക്കാറിലേക്കും നീണ്ടതും വെല്ലുവിളിയായി. പിന്നാലെയാണ് പ്രസ്താവന പിൻവലിച്ച് വിവാദം അവസാനിപ്പിക്കാൻ പാർട്ടി മന്ത്രിക്ക് കർശന നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മന്ത്രിയുടെ പ്രസ്താവനയെ തള്ളിയില്ലെങ്കിലും വർഗീയതയോട് വിട്ടുവീഴ്ചയില്ലെന്ന് പറഞ്ഞത് മന്ത്രിയെ തിരുത്താനുള്ള കൃത്യമായ സൂചനയായിരുന്നു.
പാർട്ടി പരസ്യമായി തള്ളിപ്പറയണമെന്ന ആവശ്യം ഉയർന്നെങ്കിലും അത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുമെന്നും വാർത്തകൾക്കിടയാക്കുമെന്നും വിലയിരുത്തി. ഇതോടെ, സെക്രട്ടറിയേറ്റ് അംഗമായ മന്ത്രി തന്നെ കാര്യങ്ങൾ വിശദീകരിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിലപാടിൽ മന്ത്രിയുടെ കോർട്ടിലേക്ക് നേതൃത്വം പന്ത് തട്ടിയത്. മുസ്ലിം ലീഗിനെതിരെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമ്പോൾ തന്നെ അത് ആ ജനവിഭാഗത്തെ ശത്രുപക്ഷത്ത് നിർത്തുന്ന രീതിയിലാകുന്നത് മുന്നണിയുടെ രാഷ്ട്രീയ ഭാവിക്ക് ഗുണകരമാവില്ലെന്നാണ് പാർട്ടി വിലയിരുത്തൽ.
നിയമപരമായ കുരുക്കുകളിൽനിന്ന് തലയൂരാനും തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാനും മന്ത്രിയെക്കൊണ്ട് മാപ്പ് പറയിക്കുക എന്നത് സി.പി.എമ്മിന് അനിവാര്യമായിരുന്നു. അതേസമയം, നിർണായക ഘട്ടത്തിൽ സംഘ്പരിവാർ അജണ്ടയുമായി സി.പി.എമ്മിനെ ചേർത്തുവായിക്കാൻ പ്രതിപക്ഷത്തിന് ഈ വിവാദം അവസരം നൽകി എന്നത് കേന്ദ്ര നേതൃത്വത്തെയും അസ്വസ്ഥമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

