റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട ബിനിലിന്‍റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു
text_fieldsതൃശൂർ: റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ കരുണ ലെയ്‌നില്‍ ബിനില്‍ (32) മരിച്ചതായും കൂടെയുള്ള ബന്ധുവും തൃശൂര്‍ സ്വദേശിയുമായ ജയിന്‍ കുര്യന്‍ (27) പരിക്കേറ്റ് മോസ്‌കോയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് സാമൂഹിക മാധ്യമമായ ‘എക്സി’ലൂടെ ഈ വിവരം സ്ഥിരീകരിച്ചത്.
ഷെല്ലാക്രമണത്തില്‍ ബിനില്‍ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ജയിന്‍ കുര്യന് പരിക്കേല്‍ക്കുകയും ചെയ്തതായ വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇവര്‍ക്കൊപ്പം യുദ്ധമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്‍ (36) കഴിഞ്ഞ സെപ്റ്റംബറില്‍ കൊല്ലപ്പെട്ടിരുന്നു. ‘റഷ്യന്‍ ആര്‍മിയില്‍ ജോലിക്ക് റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തില്‍നിന്നുള്ള ഒരു ഇന്ത്യന്‍ പൗരന്‍റെ നിര്‍ഭാഗ്യകരമായ മരണത്തെക്കുറിച്ച് അറിഞ്ഞു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തില്‍നിന്നുള്ള മറ്റൊരു ഇന്ത്യന്‍ പൗരന്‍ പരിക്കേറ്റ് മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചയാളുടെ കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നു. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി കുടുംബങ്ങളുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തുവരികയാണ്. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാൻ റഷ്യന്‍ അധികൃതരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. പരിക്കേറ്റ വ്യക്തിയെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്യാനും ഇന്ത്യയിലേക്ക് തിരിച്ചയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം മോസ്‌കോയിലെ റഷ്യന്‍ അധികാരികളോടും ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയോടും ശക്തമായി ഉന്നയിച്ചു. ശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കണമെന്ന ആവശ്യവും വീണ്ടും ഉന്നയിച്ചിട്ടുണ്ട്’ -വിദേശകാര്യ മന്ത്രലായത്തിന്‍റെ കുറിപ്പിൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശാനുസരണം ബിനിലിന്‍റെ മൃതദേഹം വേഗം നാട്ടില്‍ എത്തിക്കാനുള്ള സത്വര നടപടി വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച് വരികയാണെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ അജിത് കോളശേരി അറിയിച്ചു. ബിനിലിനെയും ജയിനെയും നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ശ്രമിച്ച് വരുന്നതിനിടക്കാണ് ബിനിലിന്‍റെ മരണ വിവരം എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച ബിനിലിന്‍റെ വീട് ചൊവ്വാഴ്ച റവന്യൂ മന്ത്രി കെ. രാജൻ സന്ദർശിച്ചു. മൃതദേഹം എത്തിക്കാനുള്ള നടപടി നടക്കുന്നതായി മന്ത്രി വീട്ടുകാരെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

