മന്ത്രി സംസാരിക്കുന്നത് കമ്പനിയുടെ വക്താവിനെ പോലെ -വി.ഡി സതീശൻ
text_fieldsവി.ഡി. സതീശൻ
മലപ്പുറം: ഒയാസിസ് കമ്പനിയുടെ വക്താവിനെ പോലെയാണ് എക്‌സൈസ് മന്ത്രി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
കമ്പനിയേക്കാള്‍ വീറോടെ വാദിക്കുന്നത് മന്ത്രിയാണ്. ഡല്‍ഹി മദ്യനയ കേസില്‍ ഈ കമ്പനിക്ക് പുറമെ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതയും പ്രതിയാണ്. ഇതേ കവിത കേരളത്തിലും വന്നിട്ടുണ്ടല്ലോ? എവിടെയാണ് അവര്‍ താമസിച്ചതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്ക്. ഒയാസിസ് മദ്യ കമ്പനിക്ക് വേണ്ടിയാണ് കവിത കേരളത്തില്‍ വന്നതും സര്‍ക്കാരുമായി സംസാരിച്ചതും. ഒരുപാട് ദുരൂഹമായ ഇടപാടുകളാണ് നടന്നത്.
എലപ്പുള്ളിയില്‍ ഒയാസിസ് കമ്പനി സ്ഥലം വാങ്ങിയ ശേഷം അവര്‍ക്കു വേണ്ടിയാണ് മദ്യ നയം മാറ്റിയത്. വെള്ളമില്ലാത്തതിനാല്‍ പാലക്കാട് നിരവധി പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നെന്നു എം.പി ആയിരുന്നപ്പോള്‍ പറഞ്ഞ അതേ എം.ബി. രാജേഷാണ് 80 ദശലക്ഷം ലിറ്റര്‍ ജലം വേണ്ടി വരുന്ന മദ്യ കമ്പനിയുടെ വക്താവായി മാറിയിരിക്കുന്നത്. പോകുന്ന പോക്കില്‍ എല്ലാം തൂത്തുവാരി കൊണ്ടു പോകുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും സതീശൻ പറഞ്ഞു.
രഹസ്യരേഖയാണെന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് ഹാജരാക്കിയ മന്ത്രിസഭ യോഗത്തിന്റെ കുറിപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നതാണെന്നാണ് എക്സൈസ് മന്ത്രി പറഞ്ഞത്. അത് രഹസ്യരേഖയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഒരു വകുപ്പുകളുമായും ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മാത്രം അറിഞ്ഞു കൊണ്ടാണ് കമ്പനിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. കേരളത്തിലെയും പാലക്കാട്ടെയും ഡിസ്റ്റിലറികള്‍ അറിയാത്ത കാര്യമാണ് മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസിസ് കമ്പനി അറിഞ്ഞത്. മദ്യ നയം മാറുന്നതിന് മുന്‍പെ ഒയാസിസ് കമ്പനി എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയല്ലോ.
മദ്യ നയം മാറുമെന്ന് അവര്‍ നേരത്തെ എങ്ങനെ അറിഞ്ഞു. അപ്പോള്‍ ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റി അവര്‍ക്ക് മദ്യ നിര്‍മ്മാണ ശാല പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്.
പാലക്കാട് വെള്ളം സുലഭമാണെന്നാണ് മന്ത്രി പറയുന്നത്. പ്ലാന്റ് പൂര്‍ത്തിയാകുമ്പോള്‍ 50 മുതല്‍ 80 ദശലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരും. അഞ്ച് ഏക്കറില്‍ റെയിന്‍ ഹാര്‍വെസ്റ്റ് ചെയ്യുമെന്നാണ് മന്ത്രി പറയുന്നത്. ഒരു വര്‍ഷം നന്നായി മഴ പെയ്താലും പരമാവധി 40 ദശലക്ഷം ലിറ്ററാണ് ഒരുവര്‍ഷം ശേഖരിക്കാന്‍ പറ്റുന്നത്. ഭൂമിക്ക് അടിയിലേക്ക് പോയി ഗ്രൗണ്‍ വാട്ടര്‍ ടേബിളില്‍ എത്തേണ്ട മഴ വെള്ളമാണ് ശേഖരിക്കുമെന്ന് പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.