ഗാന്ധിനഗർ: ശസ്ത്രക്രിയക്ക് മുമ്പ് രോഗിയെ മയക്കുന്നതിനുള്ള 3000 രൂപയുടെ മരുന്ന് രോഗിയുടെ ബന്ധുവിനെ കൊണ്ട് വാങ്ങിപ്പിക്കുകയും ഉപയോഗിക്കാതിരുന്ന ഈ മരുന്ന് ശസ്ത്രക്രിയക്കുശേഷം തീയറ്ററിൽ ഡ്യൂട്ടിയുണ്ടായിരുന്ന വനിത ജീവനക്കാരി ഭർത്താവ് മുഖേന വാങ്ങിയ കടയിൽ തന്നെ കൊണ്ടുപോയി വിൽപന നടത്തിയതായും പരാതി. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിലാണ് സംഭവം.
ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു രോഗിക്ക് ഡോക്ടർമാർ വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിെൻറ ഭാഗമായി ശസ്ത്രക്രിയക്ക് മുമ്പ് കൈ മരവിപ്പിക്കുന്നതിനുള്ള മരുന്ന് കുറിച്ചുനൽകി.
രോഗിയുടെ ബന്ധുക്കൾ, മോർച്ചറി ഗേറ്റിന് എതിർഭാഗെത്ത മെഡിക്കൽ ഷോപ്പിൽനിന്ന് വാങ്ങി ഡ്യൂട്ടിയുള്ള നഴ്സിങ് അസി. ജീവനക്കാരി വഴിനൽകി. മരുന്ന് നൽകിയപ്പോൾ കടയിലെ ബിൽ കൂടി തരാൻ ജീവനക്കാരി ആവശ്യപ്പെടുകയും രോഗിയുടെ ബന്ധുക്കൾ അത് നൽകുകയും ചെയ്തു. ശസ്ത്രക്രിയക്കുശേഷം ബന്ധുക്കൾ ജീവനക്കാരിയോട് ബിൽ കൈപ്പറ്റിയതെന്തിനാണെന്ന് ചോദിച്ചപ്പോൾ അവർ തട്ടിക്കയറി. സംശയം തോന്നിയ ഇവർ മരുന്ന് ഷോപ്പിൽപോയി അന്വേഷിച്ചുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
തുടർന്ന് ആശുപത്രി അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ഇതോടെ അധികൃതർ നേരിട്ട് മരുന്ന് കടയിലെത്തി അന്വേഷിക്കുകയും സി.സി ടി.വി പരിശോധിക്കുകയും ചെയ്തു.
തിയറ്ററിലേക്ക് വാങ്ങിയ മരുന്ന് തിരികെ കൊണ്ടുവന്ന് ജീവനക്കാരിയുടെ ഭർത്താവ് വിറ്റതാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ച, കഴിഞ്ഞ ആഴ്ചയിൽ ശസ്ത്രക്രിയ തിയറ്ററിൽ ഡ്യൂട്ടി ചെയ്ത മുഴുവൻ ജീവനക്കാരികളെയും തിരിച്ചറിയൽ പരേഡിന് വിധേയമാക്കി. ഇതിലൂടെ ആരോപണ വിധേയായ ജീവനക്കാരിയെ രോഗിയുടെ ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. വിശദീകരണം ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ കത്ത് നൽകിയിരിക്കുകയാണ്.
ആരോപണം ശരിയെന്ന് ബോധ്യപ്പെട്ടാൽ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഈ ജീവനക്കാരി സമാനമായ നിരവധി കേസ് ഇതിനുമുമ്പും ആവർത്തിച്ചിട്ടുള്ളതായി ആക്ഷേപമുണ്ട്.