മാസപ്പടി കേസ് ഗൗരവമുള്ളതല്ല, കോടതിയിൽ നേരിടും; മാധ്യമങ്ങൾക്ക് സാമാന്യ ബുദ്ധിയില്ല, ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് പിണറായി വിജയൻ
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: മാസപ്പടി കേസ് ഗൗരവമുള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് തന്നെ ബാധിക്കില്ല. കോടതിയിലാണ് കേസ് നിലവിലുള്ളത്. കേസിന്റെ തുടർ നടപടികൾ കോടതിയിൽ കാണാം. കേസിൽ പാർട്ടി ഒന്നടങ്കം തന്നെ പിന്തുണക്കുന്നതിൽ ആശ്ചര്യമില്ല. കേസിൽ ആരെയാണ് ലക്ഷ്യംവെക്കുന്നതെന്ന് മനസിലായതിനാലാണ് പാർട്ടി തനിക്കൊപ്പം നിന്നത്.
ബിനിഷ് കോടിയേരിയുടെ കേസിൽ കോടിയേരിയുടെ പേരില്ലായിരുന്നു. എന്നാൽ, മാസപ്പടി കേസിന്റെ തുടക്കം തന്നെ തന്റെ പേരോടെയാണ് എന്നായിരുന്നു രണ്ട് കേസുകളിൽ ഇരട്ടനീതിയുണ്ടായെന്ന വാദങ്ങളോടുള്ള പിണറായിയുടെ പ്രതികരണം. കേസിനെ കുറിച്ച് മാധ്യമങ്ങൾ ആലോചിച്ച് വിഷമിക്കേണ്ട. കേസ് സംബന്ധിച്ച് എപ്പോഴും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
തന്റെ മകളുടെ കമ്പനി നൽകിയ സേവനത്തിനാണ് പണം വാങ്ങിയത്. ഇതിന് ആദായ നികുതി ഉൾപ്പടെ ഒടുക്കിയിട്ടുണ്ട്. എന്നാൽ, മകളുടെ കമ്പനി ഒരു സേവനവും നൽകിയിട്ടില്ലെന്ന രീതിയിലാണ് മാധ്യമങ്ങളിലെ പ്രചരണം. ഇത് ശരിയല്ല. വഖഫ് ബില്ലിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്നത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ്.
ബി.ജെ.പിയുടെ ക്രിസ്ത്യൻ നാടകത്തിലെ ഉദാഹരണമാണ് മുനമ്പം. ആർ.എസ്.എസിന്റെ ഒന്നാമത്തെ ശത്രു മുസ്‍ലിംകളും രണ്ടാമത്തേത് ക്രിസ്ത്യാനികളുമാണ്. ക്രിസ്ത്യാനികൾക്കെതിരായ ഓർഗനൈസറിലെ ലേഖനം ഇതിന് തെളിവാണ്. എന്നാൽ, മുസ്‍ലിം വിരുദ്ധ പരാമർശത്തിൽ ഇത്തരം പ്രതികരണം ഒഴിവാക്കുകയാണ് നല്ലതെന്ന ഉപദേശം മാത്രമാണ് പിണറായി വെള്ളാപ്പള്ളി നടേശന് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

