തേവലക്കര സ്കൂൾ ഏറ്റെടുത്ത നടപടി സ്വാഗതം ചെയ്യുന്നുവെന്ന് മാനേജർ; ‘സർക്കാർ നടപടി വലിയ ആഘാതമല്ല’
text_fieldsകൊല്ലം: വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര ബോയ്സ് സ്കൂൾ ഏറ്റെടുത്ത സർക്കാർ നടപടിയിൽ പ്രതികരിച്ച് സ്കൂൾ മാനേജർ. സ്കൂൾ ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മാനേജർ തുളസീധരൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
ഈ സാഹചര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടി ഉചിതമാണ്. സർക്കാറിനെ വെല്ലുവിളിക്കാൻ ആഗ്രഹിക്കുന്നില്ല. നടപടി പ്രതീക്ഷിച്ചതാണ്. സർക്കാർ നടപടി തനിക്കൊരു തരത്തിലും ആഘാതം ഏൽപിക്കുന്നില്ല. വിദ്യാർഥിയുടെ മരണവുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ നടപടി വലിയ ആഘാതമല്ല.
സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. സ്വാഭാവികമായ അനാസ്ഥ ഉണ്ടായിട്ടുണ്ട്. പ്രമുഖരായ വ്യക്തികൾ മാനേജ്മെന്‍റ് കമ്മിറ്റിക്ക് നേതൃത്വം നൽകിയപ്പോഴും വൈദ്യുതി ലൈൻ സ്കൂളിന് മുകളിലൂടെ കടന്നു പോയിരുന്നു. വിദ്യാർഥി മരിച്ച സംഭവത്തിൽ കോൺഗ്രസും യു.ഡി.എഫും നടത്തുന്ന പ്രക്ഷോഭങ്ങൾ ആത്മാർഥത ഇല്ലാത്തതെന്നും തുളസീധരൻ പിള്ള വ്യക്തമാക്കി.
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്. മാനേജർ തുളസീധരൻ പിള്ളയെ പുറത്താക്കിയ സംസ്ഥാന സർക്കാർ, എയ്ഡഡ് സ്കൂൾ ഏറ്റെടുത്ത് താൽകാലിക ചുമതല കൊല്ലം ഡി.ഇ.ഒക്ക് കൈമാറി.
സി.പി.എം ലോക്കൽ കമ്മിറ്റിയുടെ പൂർണ നിയന്ത്രണത്തിലുള്ള എയ്ഡഡ് സ്കൂളാണിത്. മാനേജർ തുളസീധരൻ പിള്ള സി.പി.എം മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. 11 അംഗ ജനകീയ സമിതിയിൽ മാനേജർ അടക്കം മുഴുവൻ പേരും സി.പി.എം പ്രാദേശിക നേതാക്കളും അംഗങ്ങളുമാണ്.
കെ.ഇ.ആർ റൂൾ ഏഴ് പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ അസാധാരണ നടപടി. മാനേജറിന്‍റെ വിശദീകരണം തള്ളിയാണ് സ്കൂൾ സർക്കാർ ഏറ്റെടുത്തത്. അപകടകരമായ രീതിയിൽ സ്കൂളിന് മുകളിലൂടെ ത്രീഫേസ് ലൈൻ കടന്നു പോയിട്ട് നടപടി സ്വീകരിച്ചില്ല, പഞ്ചായത്തിന്‍റെ ക്രമപ്പെടുത്തൽ ഇല്ലാത്ത ഒരു സൈക്കിൾ ഷെഡ് നിർമിച്ചു എന്നീ ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് നടപടി. വിദ്യാർഥികളുടെ സുരക്ഷയിൽ വലിയ വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.
ശാസ്താംകോട്ട തേവലക്കര കോവൂര്‍ ബോയ്സ് സ്കൂളിൽ ജൂലൈ 17ന് രാവിലെ 9.40നാണ് ദാരുണ സംഭവം നടന്നത്. സ്കൂൾ കെട്ടിടത്തോട് ചേർന്ന സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർഥിയും തേവലക്കര വലിയപാടം മിഥുന് ഭവനില്‍ മനുവിന്റെ മകനുമായ മിഥുൻ (13) ആണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

