ആന്റിവെനം എവിടെയെല്ലാം, ആശുപത്രികളുടെ പട്ടിക പരസ്യപ്പെടുത്തും
text_fieldsതിരുവനന്തപുരം: പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം സർക്കാർ -സ്വകാര്യ ആശുപത്രികളിലടക്കം എവിടെയല്ലാം ലഭ്യമാണെന്ന കാര്യം പരസ്യപ്പെടുത്താൻ ആരോഗ്യ ഡയറക്ടർ വിളിച്ചു ചേർത്ത ഡി.എം.ഒ മാരുടെ യോഗത്തിൽ തീരുമാനം.
ഏതെല്ലാം ആശുപത്രികളിൽ ലഭ്യമാണെന്ന് പൊതുജനത്തിന് അവബോധമുണ്ടാകുന്നത് അടിയന്തര ഘട്ടങ്ങളിൽ ഉപകാരപ്പെടുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച പട്ടിക 108 ആംബുലൻസുകൾക്കും കൈമാറും. നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് മൂന്നുപേര്‍ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്.
ആശുപത്രികളിലെത്തുന്ന ഘട്ടത്തിൽ പാമ്പുകടി സംബന്ധിച്ച് വ്യക്തത കിട്ടാത്തതാണ് ചികിത്സയിൽ പ്രശ്നമായി അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ, പാമ്പ് കടിയുടെ ലക്ഷണങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ, കടി കിട്ടിയിട്ടുണ്ടോ എന്നത് ചോദിച്ചറിയണമെന്ന് എല്ലാ ആശുപത്രികളോടും നിഷ്കകർഷിച്ചു. മാത്രമല്ല, കടിയുടെ അടയാളമുണ്ടോ എന്ന് ഉറപ്പുവരുത്താൻ ആശുപത്രിയിൽ വെച്ച് ശരീരം പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്.
പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിന് കേരളത്തിന്റേതായ ഗൈഡ് ലൈൻ തയ്യാറാക്കൽ ലക്ഷ്യമിട്ട് ഡിസംബർ മുതൽ നടപടികൾ ആരംഭിച്ചിരുന്നു. ട്രെയിനിങ്ങുകൾക്കായി മൊഡ്യൂളുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവയെല്ലാം വേഗത്തിൽ പ്രാവർത്തികമാക്കും. കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് പാലക്കാട് ഒഴികെ മറ്റ് ജില്ലകളിലെല്ലാം 350 മുതൽ 375 വരെ പാമ്പുകടി കേസുകളാണുണ്ടായിട്ടുള്ളത്. എന്നാൽ, പാലക്കാട് ഇക്കാലയളവിൽ 751 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
പാമ്പ് വരാം, കരിയിലകൾ കൂട്ടിയിട്ട് കത്തിക്കരുത്
തിരുവനന്തപുരം: ചൂടുകാലത്ത് കരിയിലകൾ കൂട്ടിയിട്ട് കത്തിക്കരുതെന്നും ഇത് ജനവാസ പ്രദേശങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം വർധിപ്പിക്കുമെന്നും ആരോഗ്യവകുപ്പ്. കൂട്ടിയിട്ട് കത്തിക്കുമ്പോൾ സമീപങ്ങിലെ മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്ത് ചാടാനും തണുപ്പിനായി വീട്ടുമുറ്റങ്ങളിലെ ചെടികളും മറ്റും നനച്ചതിലൂടെ ഈർപ്പവും തണുപ്പുമുണ്ടായ ഭാഗങ്ങളിലേക്ക് എത്താനും സാധ്യതയുണ്ട്. കരിയിലകൾ കൂട്ടിയിട്ട് കത്തിച്ച ഭാഗങ്ങളിലാണ് പാമ്പുകളുടെ സാന്നിധ്യവും കടിയേൽക്കലും ഏറെയും റിപ്പോർട്ട് ചെയ്യുന്നത്. വീടിന് ചുറ്റുമുള്ള സ്ഥലങ്ങൾ വൃത്തിയാക്കണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇത് സംബന്ധിച്ച് ബോധവത്കരണ വീഡിയോ പുറത്തിറക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

