ഉറച്ച കോട്ടയിൽ ഇടതിന്റെ തകർച്ച; മന്ത്രിമാരായ ജെ. ചിഞ്ചുറാണിക്കും കെ.ബി. ഗണേഷ് കുമാറിനും തോൽവി
text_fieldsകെ.ബി. ഗണേഷ് കുമാർ, ജെ. ചിഞ്ചുറാണി
കൊല്ലം: ഇടതിന്റെ ഉറച്ച കോട്ടയായ കൊല്ലം അവരുടെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞ ശ്മശാന ഭൂമിയായി. കാൽനൂറ്റാണ്ട് മുമ്പ് നേടിയ അതേ വിജയം കൊല്ലത്ത് വീണ്ടും യു.ഡി.എഫ് കൊയ്തെടുത്തപ്പോൾ ഇടതിൽനിന്ന് ഒരു സീറ്റ് പിടിച്ചെടുത്ത് ബി.ജെ.പി ഭരണകക്ഷിക്ക് കനത്ത പ്രഹരം നൽകി ഞെട്ടിച്ചു.
സി.പി.എമ്മും സി.പി.ഐയും ഓരോ സീറ്റ് വീതം നേടി നാണംകെട്ടപ്പോൾ ജില്ലയിൽ മത്സരിച്ച മൂന്ന് സീറ്റും നേടി ആർ.എസ്.പി രാഷ്ട്രീയ കേരളത്തിൽ വൻ തിരിച്ചുവരവ് നടത്തി. ഇതിനുമുമ്പ് യു.ഡി.എഫ് എട്ടു സീറ്റ് കൊല്ലത്ത് നേടിയത് 2001ലാണ്. അന്ന് ഇടതിന് മൂന്ന് സീറ്റ് കിട്ടിയെങ്കിൽ ഇക്കുറി രണ്ട് സീറ്റിൽ ഒതുങ്ങി. അതും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റേത് കഷ്ടിച്ചുള്ള കടന്നുകൂടലായി. സി.പി.എമ്മിൽ നിന്നെത്തിയ മുൻ എം.എൽ.എ ഐഷ പോറ്റി അദ്ദേഹത്തിന് കനത്ത വെല്ലുവിളി ഉയർത്തി.
തോറ്റവരിൽ മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും കെ.ബി. ഗണേഷ് കുമാറും ഉൾപ്പെടും. വിജയിച്ച പ്രമുഖരിൽ മുൻമന്ത്രിയും ആർ.എസ്.പി സെക്രട്ടറിയുമായ ഷിബു ബേബി ജോണുണ്ട്. ഇടത് കോട്ടകളായ ഇരവിപുരം, ചടയമംഗലം, കുന്നത്തൂർ, കൊല്ലം എന്നിവയടക്കം കടപുഴകി. മുസ്ലിം ലീഗ് മത്സരിച്ച പുനലൂരിൽ മാത്രമാണ് ഇടതിന് അഞ്ചക്കം കടന്ന മാന്യമായ വിജയം ലഭിച്ചത്. ഇവിടെ സി.പി.ഐയുടെ അജയപ്രസാദ് ഇരുപതിനായിരത്തിലേറെ വോട്ടിനാണ് വിജയിച്ചത്. 30 വർഷമായി ഇടതിനൊപ്പമുള്ള ഇരവിപുരത്ത് സി.പി.എമ്മിന്റെ എം. നൗഷാദ് എണ്ണായിരത്തോളം വോട്ടിനാണ് തോറ്റത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷൻ വാർഡിൽ മൂന്നാം സ്ഥാനത്ത് വന്ന ആർ.എസ്.പിയുടെ യുവജന നേതാവ് വിഷ്ണുമോഹനെതിരെ നൗഷാദിന്റെ പരാജയം സി.പി.എമ്മിന് നാണക്കേടായി.
കഴിഞ്ഞ 25 വർഷമായി ഇടതിലും വലതിലുമായി മണ്ഡലം നിലനിർത്തിയ കെ.ബി. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ തോൽവിയും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ തവണത്തെ എതിരാളി ജ്യോതികുമാർ ചാമക്കാലയാണ് ഇക്കുറി ഗണേഷിനെ മലർത്തിയടിച്ചത്. മന്ത്രി ചിഞ്ചു റാണിക്കെതിരെ ചടയമംഗലത്തെ എം.എം. നസീറിന്റെ അട്ടിമറി വിജയം സി.പി.ഐക്ക് ഞെട്ടലായി. കഴിഞ്ഞ തവണയും ഇവർ തമ്മിലാണ് മത്സരിച്ചത്. യു.ഡി.എഫ് സീറ്റ് നിലനിർത്തിയ കുണ്ടറയിൽ ഭൂരിപക്ഷം വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

