പലവട്ടം മത്സരിച്ചവർ മാറിനിൽക്കണമെന്ന് ലീഗ് പ്രവർത്തക സമിതിയിൽ ആവശ്യം; കോൺഗ്രസുമായി സീറ്റ് വിഭജന തർക്കം ഒഴിവാക്കും
text_fieldsകോഴിക്കോട്: രണ്ടും മൂന്നും തവണ നിയമസഭയിലേക്ക് മത്സരിച്ചവർ മാറിനിൽക്കണമെന്ന ആവശ്യമുന്നയിച്ച് മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗങ്ങൾ. തിങ്കളാഴ്ച സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് ചില അംഗങ്ങൾ ആവശ്യമുന്നയിച്ചത്. കാലാകാലവും ചിലർതന്നെ മത്സരിക്കുകയെന്ന രീതി മാറണമെന്നും പുതിയ നേതാക്കൾക്ക് അവസരം നൽകണമെന്നും മലപ്പുറത്തുനിന്ന് അടക്കമുള്ള അംഗങ്ങൾ ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ചരിത്ര നേട്ടത്തിന് പിന്നിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയതാണെന്നും അത് കണക്കിലെടുത്ത് നിയമസഭയിലും മികച്ച പ്രാതിനിധ്യം നൽകണമെന്ന ആവശ്യം യൂത്ത്ലീഗ് പ്രതിനിധികളും ഉന്നയിച്ചു. സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം നൽകുമെന്ന സാദിഖലി തങ്ങളുടെ നിലപാട് സ്വാഗതാർഹമാണെന്ന് വനിത ലീഗ് നേതാക്കൾ പറഞ്ഞു.
നിലവിൽ മത്സരിക്കുന്ന ചില മണ്ഡലങ്ങൾ കോൺഗ്രസുമായി വെച്ചുമാറണമെന്ന നിർദേശവും അതത് ജില്ല കമ്മിറ്റികൾ യോഗത്തിൽ ഉയർത്തി. ലീഗിന് ശക്തമായ സ്വാധീനമുള്ള കൽപറ്റ സീറ്റ് ചോദിച്ചുവാങ്ങണമെന്ന ആവശ്യം വയനാട് കമ്മിറ്റി മുന്നോട്ടുവെച്ചു. കുന്ദമംഗലം വിട്ടുനൽകരുതെന്ന് കോഴിക്കോട് കമ്മിറ്റിയും കോങ്ങാടിന് പകരം പട്ടാമ്പി ആവശ്യപ്പെടണമെന്ന് പാലക്കാട് കമ്മിറ്റിയും നിർദേശിച്ചു.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായുള്ള ചർച്ചക്കുശേഷം മാത്രമേ ഇക്കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കൂവെന്ന് നേതൃത്വം യോഗത്തിൽ വ്യക്തമാക്കി.
സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യതക്ക് മാത്രമായിരിക്കും മുഖ്യ പരിഗണന. തദ്ദേശ തെരഞ്ഞെടുപ്പിലെന്നപോലെ ചില മണ്ഡലങ്ങളിൽ വിജയസാധ്യത പരിഗണിച്ച് മൂന്നുവട്ടമെന്ന മാനദണ്ഡത്തിൽ നിർബന്ധം പിടിക്കാനാകില്ലെന്ന സൂചനയും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. വിജയസാധ്യത പരിഗണിച്ച് ചില മണ്ഡലങ്ങൾ കോൺഗ്രസ് ആവശ്യപ്പെട്ടാൽ പകരം ലീഗിന് സാധ്യതയുള്ള മണ്ഡലങ്ങൾ തിരിച്ചും ആവശ്യപ്പെടാം.
ഒരുവിധ തർക്കത്തിലേക്കും പോകാതെ സീറ്റ് വിഭജനം സാധ്യമാക്കുമെന്നും നേതൃത്വം വ്യക്തമാക്കി. മുന്നണിയിലേക്ക് ആരെങ്കിലും കടന്നുവന്നാൽ അവർക്ക് സീറ്റ് നൽകേണ്ട ബാധ്യത എല്ലാ കക്ഷികൾക്കുമുണ്ടെന്നും ലീഗ് മാത്രമായി സീറ്റ് വിട്ടുനൽകേണ്ട അവസ്ഥയുണ്ടാകില്ലെന്നും വ്യക്തമാക്കപ്പെട്ടു.
പ്രകോപനമുണ്ടാക്കുന്നവരോട് സംവദിക്കേണ്ട കാര്യം ലീഗിനില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. വർഗീയത പറയുന്നവരും വിമർശിക്കുന്നവരും അവരുടെ പണി തുടരട്ടെ. അതിന്റെ കെടുതി അവർ തന്നെ അനുഭവിക്കും. പ്രകോപനമുണ്ടാക്കൽ ലീഗിന്റെ നയമല്ലെന്ന് അദ്ദേഹം ഉണർത്തി. ലീഗിന്റെ അടിത്തറ ഭദ്രമാണെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചത്.
വിവാദങ്ങളുടെ പിന്നാലെ പോകാതെ പിന്നാക്ക വിഭാഗങ്ങളുടെ മുന്നേറ്റം ലക്ഷ്യമാക്കി ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തെക്കൻ ജില്ലകളിൽ മികച്ച നേട്ടം കൈവരിക്കാനായതിലൂടെ ലീഗിന് എവിടെയും അസ്പൃശ്യതയില്ലെന്ന് വ്യക്തമായതായി യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

