‘ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടു...പക്ഷേ ലീഗ് അത് അറിഞ്ഞിട്ടില്ല’ -ചില മാധ്യമങ്ങളിൽ വന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതമെന്ന് കുഞ്ഞാലിക്കുട്ടി
text_fieldskunjalikutty
കോഴിക്കോട്: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനൊരുങ്ങുന്നു എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അങ്ങനെയൊരു ചർച്ച നടന്നിട്ടേയില്ല. അതിനുള്ള സമയവുമല്ല ഇപ്പോൾ.
ലീഗിന്റെ കാര്യമൊക്കെ ഞങ്ങളറിയുന്നതിന് മുമ്പുതന്നെ ചില ചാനലുകൾ അറിയുന്നതും അവർ ചർച്ചക്കെടുക്കുന്നതുമൊക്കെ എങ്ങനെയാണെന്ന് മനസിലാകുന്നില്ല. ഇങ്ങനെയൊരു കാര്യം ഞങ്ങളറിഞ്ഞിട്ടില്ല. അടിസ്ഥാനരഹിതമായ ഈ വാർത്ത വലിയ ചർച്ചയാക്കുകയുമാണ്. എവിടുന്നാണ് ഇവർക്ക് ഇതൊക്കെ കിട്ടുന്നതെന്നും അറിയില്ല. ഇല്ലാത്ത കാര്യങ്ങൾ ഇങ്ങനെ പറയുന്ന കാര്യത്തിൽ ഇവർക്ക് വലിയ ശക്തിയാണ്.
‘മൂന്ന് ടേം കൊടുത്തിരിക്കുന്നു, നാല് സീറ്റു കൊടുത്തിരിക്കുന്നു... ചർച്ചകൾ അങ്ങനെ പൊടിപൊടിക്കുകയാണ്. പക്ഷേ, ഞങ്ങളറിഞ്ഞിട്ടില്ല. ഭാവനയിൽ കണ്ടിട്ട് ചാനലിൽ വരുമ്പോൾ ഞങ്ങളും അന്തംവിട്ട് നിൽക്കുകയാണ്. ഇത് ഞങ്ങളറിഞ്ഞിട്ടില്ലല്ലോ എന്നുപറഞ്ഞ് ഞങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞ് ചിരിക്കുകയാണ്. വാർത്താമാധ്യമങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തെങ്കിലും അടിസ്ഥാനമില്ലാതെ ഇങ്ങനെ വാർത്ത കൊടുത്താൽ അത് കൊടുത്തവരെ തന്നെയാണ് ബാധിക്കുക. കുറച്ചുദിവസം കഴിയുമ്പോൾ ഇത് പൊളിയില്ലേ. അപ്പോൾ അത് കൊടുത്തവരുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുക-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പുതുതായി നാലു സീറ്റുകൾ അധികം ആവശ്യപ്പെടാനാണ് ലീഗിന്റെ നീക്കമെന്നും വടക്കൻ കേരളത്തിന് പുറത്തേക്ക് സ്വാധീനം വർധിപ്പിക്കാനായി തെക്കൻ കേരളത്തിൽ ഏതെങ്കിലും സീറ്റ് ആവശ്യപ്പെടും എന്നൊക്കെയായിരുന്നു ചില ടെലിവിഷൻ ചാനലുകളിലെ വാർത്ത. ലീഗ് സീറ്റ് കുടുതൽ ആവശ്യപ്പെടുന്നതിനെ പരോക്ഷമായി ശരിവെക്കുന്ന പ്രതികരണമാണ് മുസ്‍ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയതെന്നും വാർത്തയിൽ അവകാശപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

