‘തോൽപ്പിച്ചത് ചിരിക്കാൻ മറന്ന നേതാക്കളുടെ ധാർഷ്ട്യം’
text_fieldsആലപ്പുഴ: സാധാരണക്കാരെ കണ്ടാൽ ചിരിക്കാൻ മറന്ന സംസ്ഥാന നേതാക്കളുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പ് പരാജയമെന്ന് സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റിയിൽ കടുത്ത വിമർശനം. പിണറായി വിജയന്‍റെയും എം.വി. ഗോവിന്ദന്‍റെയും സമീപനങ്ങൾ കനത്ത തിരിച്ചടിക്ക് കാരണമായി. സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്ന അഭിപ്രായവും ചിലർ ഉയർത്തി.
പിണറായി വിജയന്‍റെ ‘ചെറ്റ’ പ്രയോഗം ആലപ്പുഴയിലടക്കം ജനങ്ങളെ പാർട്ടിക്ക് എതിരാക്കി. വികസന നായകൻ എന്ന ജി. സുധാകരന്‍റെ പ്രതിച്ഛായയെ മറികടക്കാൻ കഴിയാതിരുന്നത് അമ്പലപ്പുഴയിലും ജില്ലയിലും ബാധിച്ചു. തെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ ജില്ല നേതൃത്വം പരാജയമായിരുന്നു. ജി. സുധാകരനെ അനാവശ്യമായി പ്രകോപിപ്പിക്കുന്ന സമീപനമാണ് ചില നേതാക്കളിൽ നിന്നുണ്ടായത്. ഇതാണ് വലിയ തിരിച്ചടിയുണ്ടായതിന് പ്രധാന കാരണം. ജി. സുധാകരനെ നേരത്തേതന്നെ പുറത്താക്കേണ്ടിയിരുന്നു. എസ്.എഫ്.ഐ നേതാക്കൾ പോലും മുതിർന്ന നേതാക്കളുടെ ധാർഷ്ട്യം അനുകരിക്കുന്നു. അതാണ് ശരിയെന്ന് കരുതിയവരെ ജനം തിരുത്തുകയായിരുന്നു. വിമർശിക്കുന്നവരെ പാർട്ടിയിൽ ഒന്നുമല്ലാതാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുവെന്ന അഭിപ്രായവും ഉയർന്നു.
യു. പ്രതിഭക്കെതിരെ കടുത്ത വിമർശനം യോഗത്തിലുണ്ടായി. പാർട്ടിക്കുള്ളിൽ പറയാനുള്ളത് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് ശരിയായ രീതിയല്ലെന്നായിരുന്നു വിമർശനം. പ്രചാരണം സജീവമായില്ലെന്ന പരസ്യപ്രതികരണം കടുത്ത അച്ചടക്ക ലംഘനമാണ്. ജില്ല കമ്മിറ്റി അംഗത്തിന്റെ പക്വത കാണിക്കണം. കായംകുളത്തെ പരാജയത്തിൽ പ്രതിഭക്കും പങ്കുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ സഖാക്കളെ തോറ്റശേഷം അപമാനിച്ചത് ശരിയായില്ല. പ്രതിഭക്കെതിരായ വലിയ വികാരം കായംകുളത്തുണ്ടായിരുന്നു. അവിടെ പാർട്ടിയും സ്ഥാനാർഥിയും രണ്ടു തട്ടിലായിരുന്നു. പ്രതിഭയുടെ പല പരാമർശങ്ങളും ജനങ്ങളെ എതിരാക്കിയെന്ന അഭിപ്രായവും ഉയർന്നു.
എന്നാൽ, ജില്ല സെക്രട്ടറിയുടെ ഏകപക്ഷീയ പ്രഖ്യാപനങ്ങൾ കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് യു. പ്രതിഭ യോഗത്തിൽ തുറന്നടിച്ചു. അനുഭവങ്ങളുടെയും ശരിയായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് കായംകുളത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനം ശരിയായ രീതിയിലായിരുന്നില്ലെന്ന് പറഞ്ഞത്. താൻ പറഞ്ഞതിൽ വസ്തുതകളുണ്ടോയെന്ന് പരിശോധിക്കാതെ, തന്നെ മോശക്കാരിയാക്കാനാണ് സെക്രട്ടറി ശ്രമിച്ചതെന്നും അവർ പ്രതികരിച്ചു.
ഉൾപാർട്ടി ജനാധിപത്യവും ചർച്ചയും കുറയുന്നത് കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതായി യോഗത്തിൽ വിമർശനമുണ്ടായി. തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന സമീപനമാണ്. തിരുത്തി മുന്നോട്ട് പോകാൻ തയാറായില്ലെങ്കിൽ ഇതിനേക്കാൾ മോശമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. നേതാക്കൾ സ്വയം വിമർശനത്തിന് വിധേയരാകണമെന്നും അഭിപ്രായങ്ങളുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

