ക്രമസമാധാനപ്രശ്നം പറഞ്ഞ് ഒഴിയാനാകില്ല; പള്ളിത്തർക്കത്തിൽ വിമർശനവുമായി ഹൈകോടതി
text_fieldsകൊച്ചി: ഒാർത്തഡോക്സ് -യാക്കോബായ സഭകൾ തമ്മിലുള്ള പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന ഒഴിവുകഴിവ് പറഞ്ഞ് സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇരുസഭകൾ തമ്മിലുള്ള ഭിന്നത അതിതീവ്രമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
കെ.എസ് വർഗീസ് കേസിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ വിമർശനം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള നിരവധി ഹരജികളാണ് കോടതിയുടെ പരിഗണിയിൽ വരുന്നത്. ഇത് അനന്തമായി നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ല. ഈ മാസം 29ന് മുമ്പ് സർക്കാർ നിലപാട് അറിയിക്കണം. ഉത്തരവ് നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സർക്കാർ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഒാർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പ്രതികരിച്ചു. നിയമങ്ങൾ നടപ്പാക്കേണ്ടത് സർക്കാറിന്‍റെ ബാധ്യതയാണ്. അത് നടപ്പാക്കാൻ വൈകുമ്പോഴാണ് ക്രമസമാധാന പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. നീതി നിഷേധത്തിന് സർക്കാർ കൂട്ടുനിൽക്കില്ലെന്നാണ് പ്രതീക്ഷയെന്നും ബിജു ഉമ്മൻ പറഞ്ഞു.