മൂന്നാണ്ടിനിടെ മൺമറഞ്ഞത് അഞ്ച് നേതാക്കൾ; സി.പി.എം രൂപവത്കരിച്ചവരിലെ അവസാന കണ്ണി ഇനി ചരിത്രം
text_fieldsവി.എസ് അച്യുതാന്ദൻ, കോടിയേരി ബാലകൃഷ്ണൻ, എൻ. ശങ്കരയ്യ, ബുദ്ധദേവ് ഭട്ടാചാര്യ, സീതാറാം യെച്ചൂരി
തിരുവനന്തപുരം: നൂറ്റാണ്ടിന്റെ സമരനായകൻ വി.എസ്. അച്യുതാനന്ദനെ അഗ്നി നാളങ്ങളേറ്റുവാങ്ങിയതോടെ സി.പി.എമ്മിന് രൂപംനൽകിയവരിലെ അവസാന കണ്ണിയും ചരിത്രത്തിന്റെ ഭാഗമായി. 1964 ഏപ്രിൽ 11ന് സി.പി.ഐ ദേശീയ കൗൺസിലിൽ നിന്നിറങ്ങിപ്പോന്ന 32 പേരിൽ അവശേഷിക്കുന്നയാളായിരുന്നു വി.എസ്. മറ്റൊരാൾ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്ന 102 പിന്നിട്ട എൻ. ശങ്കരയ്യ രണ്ടുവർഷം മുമ്പ് വിടവാങ്ങി.
വി.എസിനൊപ്പവും വി.എസിന് ശേഷവുമായി പാർട്ടിയുടെ ഭാഗമായി ദേശീയതലത്തിൽ ശ്രദ്ധനേടിയ അഞ്ചു നേതാക്കളെയാണ് മൂന്നുവർഷത്തിനിടെ സി.പി.എമ്മിന് നഷ്ടമായത്. പി.ബി അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ 2022 ഒക്ടോബറിലും സ്ഥാപക നേതാവ് എൻ. ശങ്കരയ്യ 2023 നവംബറിലും പി.ബി അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ 2024 ആഗസ്റ്റിലും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 2024 സെപ്റ്റംബറിലും അന്തരിച്ചു.
1960കളുടെ തുടക്കത്തിൽ സാർവദേശീയ തലത്തിൽ ചൈനയും റഷ്യയും തമ്മിലുണ്ടായ തർക്കവും പ്രത്യയശാസ്ത്ര ശൈഥില്യവുമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഇടതും വലതുമായി തിരിയാനും പിളരാനും വഴിവെച്ച കാരണങ്ങളിൽ മുഖ്യം. വലതുപക്ഷത്ത് നിലയുറപ്പിച്ച ചെയർമാൻ എസ്.എ. ഡാങ്കെ സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് ഗവൺമെന്റിന് അനുരഞ്ജന സ്വഭാവത്തിലുള്ള കത്തെഴുതിയതിൽ അന്വേഷണം വേണമെന്ന് ഇടതു വിഭാഗം ആവശ്യപ്പെട്ടത് പാർട്ടി ദേശീയ കൗൺസിലിൽ വലിയ തർക്കമായി. തുടർന്നാണ് ഇടതു പ്രതിനിധികളായ 32 പേർ ഇറങ്ങിപ്പോന്നത്.
ഇവരിൽ ഭൂപ്രദേശ് ഗുപ്ത മടങ്ങിപ്പോയതോടെ ബാക്കി 31 പേർ ചേർന്ന് പാർട്ടി പുനഃസംഘടിപ്പിക്കുകയും 1964 ഒക്ടോബർ 31 മുതൽ നവംബർ ഏഴുവരെ കൽക്കത്തയിൽ നടന്ന ഏഴാം പാർട്ടി കോൺഗ്രസോടെ സി.പി.എം രൂപവത്കരിക്കുകയുമായിരുന്നു. 1965ലെ തെരഞ്ഞെടുപ്പിൽ ചുറ്റിക അരിവാൾ നക്ഷത്രം പാർട്ടി ചിഹ്നമായി സ്വീകരിക്കുകയും ചെയ്തു. പി. സുന്ദരയ്യ ജനറൽ സെക്രട്ടറിയായ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയിൽ അംഗമായ വി.എസ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ഭാഗമായിരുന്നു. അതിനാൽ തന്നെ കേരളത്തിൽ സി.പി.എം കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്നതും വി.എസാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

