കേരളത്തിൽ അവസാനം വധശിക്ഷ നടപ്പിലാക്കിയത് 34 വർഷം മുൻപ്; കഴുമരം കാത്തുകഴിയുന്നത് 39 പേർ
text_fieldsതിരുവനന്തപുരം: അപൂർവങ്ങളിൽ അപൂർവമായ കേസുകളിലാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വധശിക്ഷ വിധിക്കുക. ഇത്തരത്തിൽ കേരളത്തിൽ ഇതുവരെ തൂക്കിലേറ്റിയത് 26 പേരെയാണ്. തൂക്കുകയർ കാത്ത് ജയിലിൽ കഴിയുന്നത് 39 പേരാണ്. ഇതിൽ രണ്ടുപേരാണ് വനിത കുറ്റവാളികൾ. ഒരാൾ 2022ലെ വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതിയായ കോവളം സ്വദേശി റഫീക്ക ബീവി, രണ്ടാമത്തെത് ഇന്ന് നെയ്യാറ്റിൻകര സെഷൻ കോടതി വിധിപറഞ്ഞ പാറശ്ശാല ഷാരോൺ വധക്കേസിലെ ഗ്രീഷ്മ.
സംസ്ഥാനത്ത് ഒരു കേസില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ചത് കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് ശ്രീനിവാസന്‍ കേസിലായിരുന്നു. 15പേർക്കാണ് ഈ കേസിൽ വധശിക്ഷ വിധിച്ചത്.
പ്രതികളെ കോടതികൾ വധശിക്ഷക്ക് വിധിക്കുമ്പോഴും ശിക്ഷ നടപ്പാക്കുന്നത് അപൂര്‍വമാണ്.മിക്കവാറും കേസുകളില്‍ മേല്‍ക്കോടതി ശിക്ഷ ഇളവ് ചെയ്യുകയാണ് പതിവ്. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി വധശിക്ഷ ഒഴിവാക്കാനുളള നടപടികളും പ്രതിക്ക് സ്വീകരിക്കാന്‍ കഴിയും. നിര്‍ഭയ കേസില്‍ 2020ല്‍ നാലുപേരുടെ ശിക്ഷ നടപ്പാക്കിയതാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ നടപ്പാക്കിയ വധശിക്ഷ.
കേരളത്തിലാകട്ടെ അവസാനം വധശിക്ഷക്ക് വിധിച്ചത് 34 വർഷം മുൻപാണ്. 1991ൽ കണ്ണൂരിലാണ് വധശിക്ഷ നടപ്പാക്കിയത്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രനെയാണ് അന്ന് തൂക്കിക്കൊന്നത്.
തിരുവനന്തപുരത്തും കണ്ണൂരുമാണ് സെൻട്രൽ ജയിലുകളിൽ കഴുമരമുളളത്. സംസ്ഥാനത്ത് 1958ലാണ് ആദ്യമായി വധശിക്ഷ നടപ്പാക്കുന്നത്. 1960മുതല്‍ 1963 കാലഘട്ടത്തില്‍ അഞ്ച് പേരെയാണ് തൂക്കിലേറ്റിയത്. കേരളത്തിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. 1967 മുതല്‍ 1972വരെയുള്ള കാലഘട്ടത്തില്‍ മൂന്ന് വധശിക്ഷയും നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

