ചട്ടം ലംഘിച്ച നിർമാണങ്ങൾ ഇനി ക്രമപ്പെടും; ഭൂമി പതിച്ച് കൊടുക്കൽ ഭേദഗതി ബിൽ ഐകകണ്ഠ്യേന പാസാക്കി
text_fieldsസൂചനാ ചിത്രം
തിരുവനന്തപുരം: ഇടുക്കി ജില്ലയുൾപ്പെടെ സ്ഥലങ്ങളിലെ ആയിരക്കണക്കിന് ജനങ്ങളുടെ പട്ടയപ്രശ്നങ്ങൾക്ക് പരിഹാരം നൽകുമെന്ന് വാഗ്ദാനം നൽകി വ്യാഴാഴ്ച നിയമസഭയിൽ 2023ലെ കേരള ഗവൺമെന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ പാസാക്കി. പട്ടയഭൂമിയിൽ ചട്ടംലംഘിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ ക്രമപ്പെടുത്താൻ സംസ്ഥാന സർക്കാറിന് അധികാരം നൽകുന്നതാണ് ഭേദഗതി. ഭേദഗതിയെ പിന്തുണച്ച പ്രതിപക്ഷം ചട്ടരൂപവത്കരണം ശ്രദ്ധയോടെ വേണമെന്ന് ആവശ്യപ്പെട്ടു.
പട്ടയഭൂമിയിൽ ചട്ടം ലംഘിച്ച് പണിത പാർട്ടി ഓഫിസുകൾക്കടക്കം ഇനി ഇളവ് ലഭിച്ചേക്കും. ഭൂമി പതിവ് നിയമം 1964ൽ നിർണായക ഭേദഗതിയാണ് നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. പട്ടയ ഭൂമി വീട് വെക്കാനും കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാനാകൂവെന്ന നിയമമാണ് മാറുന്നത്. ചട്ടം ലംഘിച്ചുള്ള നിർമാണങ്ങൾ ക്രമപ്പെടുത്താൻ ഇനി സർക്കാറിന് അധികാരമുണ്ടാകും. ഭേദഗതി വേണമെന്ന കാര്യത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ അഭിപ്രായമായിരുന്നു. ഇടുക്കിയിലെ കർഷകപ്രശ്നം മുൻനിർത്തിയാണ് ഇരുപക്ഷവും യോജിച്ചത്. ക്രമപ്പെടുത്തൽ നടപടികൾ ഉദ്യോഗസ്ഥരുടെ വിവേചനമാക്കുന്നതിലെ ആശങ്ക ഉന്നയിച്ച ശേഷമാണ് പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചത്.
ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ പട്ടയഭൂമിയിലെ വാണിജ്യ കെട്ടിടങ്ങൾ മുതൽ പാർട്ടി ഓഫിസുകൾ വരെ നിയമപരമായ നിർമിതികളാകും. ഭൂമി കാർഷികേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. ജീവിതോപാധിക്കായി നടത്തിയ ചെറുനിർമാണങ്ങളും (1500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ളവ) കാര്‍ഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിന് ഉദ്ദേശിച്ചാണ് നിയമഭേദഗതിയും ചട്ടനിർമാണവും.
ഇതിനായി അപേക്ഷഫീസും ക്രമവത്കരിക്കാനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളും ചട്ടത്തില്‍ ഉള്‍പ്പെടുത്തും. നിലവിലെ നിയമത്തിൽ മാറ്റം വരുത്തിയാൽ മാത്രമേ ചട്ടത്തിൽ ഭേദഗതി വരുത്താനാകൂവെന്നും ചട്ടം വരുമ്പോൾ ജനതാൽപര്യം മുൻനിർത്തിയാകും നടപ്പാക്കുകയെന്നും ബിൽ അവതരിപ്പിച്ച് റവന്യൂമന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

