കവരത്തി തീരത്തെ മത്സ്യത്തൊഴിലാളി ഷെഡുകൾ ഒഴിപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം
text_fieldsകൊച്ചി: ലക്ഷദ്വീപിലെ കവരത്തിയിൽ മത്സ്യത്തൊഴിലാളികൾ തീരത്ത് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന സ്ഥലം ഒഴിപ്പിച്ച് ഭരണകൂടം. മത്സ്യബന്ധനത്തിനുള്ള അനുബന്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നതിനും ചൂര മീൻ ഉണക്കുന്നതിനും ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കുമൊക്കെ ഉപയോഗിക്കുന്നതാണ് ഈ ഷെഡുകൾ. ഇവിടെയുള്ള മാസ് വേലികൾ പൊളിച്ചുമാറ്റിയെന്നും ജനങ്ങൾ പരാതിപ്പെട്ടു.
ടൂറിസം വികസനത്തിനെന്ന് വ്യക്തമാക്കിയാണ് പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ നടപടിയുമായെത്തിയത്. ഇത്തരം നീക്കങ്ങൾക്കെതിരെ മുമ്പേതന്നെ മത്സ്യത്തൊഴിലാളികൾ ഹൈകോടതിയെ സമീപിച്ചിരുന്നു. ഏറ്റവും അനുയോജ്യമായ സ്ഥലം അനുവദിച്ച് നൽകിയശേഷമേ മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കുന്നതുപോലുള്ള നടപടികൾ സ്വീകരിക്കാൻ പാടുള്ളൂവെന്ന കോടതിവിധി നിലനിൽക്കുന്നുണ്ടെന്നും അത് മറികടന്നാണ് അഡ്മിനിസ്ട്രേഷന്റെ നടപടിയെന്നും ജനങ്ങൾ പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയത്. പഞ്ചായത്ത് സ്റ്റേജിന് പിൻവശത്തെ സ്ഥലം തൊഴിലാളികൾക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് വാക്കാൽ പറയുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. മാത്രമല്ല, ഇത് തങ്ങളുടെ ജോലികൾക്ക് അനുയോജ്യമായ സ്ഥലമല്ല. തങ്ങൾ ടൂറിസം വികസനത്തിന് എതിരല്ല, എന്നാൽ ഇവിടുത്തെ ജനങ്ങളെയും ലക്ഷദ്വീപിന്റെ ഭൂപ്രകൃതിയെയുമൊക്കെ പരിഗണിച്ചുവേണം വികസനമെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ ലക്ഷദ്വീപിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോടതി ഉത്തരവ് മാനിക്കാതെയുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

