Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി ബസ്...

കെ.എസ്.ആർ.ടി.സി ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി
cancel
camera_alt

വല്ലം ജങ്ഷനില്‍ തടസം സൃഷ്ടിച്ച് നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസ്

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ കെ.എസ്.ആർ.ടി.സി ബസ് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവർ ഇറങ്ങിപ്പോയി. മറ്റൊരു വാഹനവുമായി ഉരസിയെന്നാരോപിച്ചാണ് ഡ്രൈവര്‍ നടുറോഡില്‍ ബസ് ഉപേക്ഷിച്ച് ഇറങ്ങിപ്പോയത്. വെള്ളിയാഴ്ച രാത്രി 7.30 ന് എം.സി റോഡിലെ തിരക്കുള്ള വല്ലം ജങ്ഷനിലായിരുന്നു സംഭവം. ബസ് നടുറോഡിൽ ഉപേക്ഷിച്ച് പോയതിനാൽ കിലോമീറ്ററോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തിയ ബസ് ഡ്രൈവറുടെ നടപടിയിൽ വ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

രാപകലില്ലാതെ തിരക്ക് അനുഭവപ്പെടുന്ന പ്രധാന ജങ്ഷനിലാണ് ബസ് മാര്‍ഗ്ഗതടസം സൃഷ്ടിച്ചത്. തന്‍റെ ബസില്‍ മറ്റൊരു വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു ഡ്രൈവറുടെ പ്രതിഷേധം. എന്നാല്‍, പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രാഥമികമായി പരിശോധിച്ചപ്പോള്‍ ബസില്‍ യാതൊരുവിധ കേടുപാടുകളും കണ്ടെത്താനായില്ല. എന്നിട്ടും വാഹനം മാറ്റിയിടാന്‍ ഡ്രൈവര്‍ തയാറാകാതെ നിലയുറപ്പിച്ചത് യാത്രക്കാരെയും നാട്ടുകാരെയും പ്രകോപിപ്പിച്ചു.

സംഭവസമയത്ത് പൊലീസുകാരനും ട്രാഫിക് വാര്‍ഡനും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഡ്രൈവറുടെ നിസ്സഹകരണം മൂലം ഗതാഗത നിയന്ത്രണം പൂര്‍ണമായും പാളുകയായിരുന്നു. ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. യാത്രക്കാര്‍ ബസിനുള്ളിലും പുറത്തുമായി 15 മിനിട്ടിലധികം പെരുവഴിയിലായി. പാലക്കാടുനിന്ന് കട്ടപ്പനക്ക് പോയ ബസാണ് നടുറോഢിൽ നിർത്തിയിട്ടത്. ഒടുവില്‍ പ്രശ്‌നം വഷളാകുമെന്ന് കണ്ടപ്പോള്‍, മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ ഇടപെട്ട് തടസ്സമായി കിടന്ന ബസ് റോഡരികിലേക്ക് മാറ്റിയിട്ട ശേഷമാണ് ഗതാഗതകുരുക്ക് മാറിയത്.

ഒരു കേടുപാടും സംഭവിക്കാത്ത ബസിന്‍റെ പേരില്‍ ഇത്രയും വലിയ ഒരു ഗതാഗതതടസം സൃഷ്ടിച്ചത് ഡ്രൈവറുടെ അഹങ്കാരമാണെന്നും നിരവധി യാത്രക്കാരുടെ സമയമാണ് ഒരാള്‍ കാരണം നഷ്ടമായതെന്നും യാത്രക്കാർ ആരോപിച്ചു. എന്നാൽ, ബസിൽ മുട്ടിയ വാഹനത്തിന്‍റെ ചിത്രം പകർത്താൻ പോയതാണെന്നായിരുന്നു ഡ്രൈവറുടെ വാദം. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാരും വ്യാപാരികളും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busDriversRoad BlockKSRTC
News Summary - KSRTC bus stopped in the middle of the road and the driver got out
Next Story