ചലച്ചിത്രമേളയും ‘അവൾക്കൊപ്പം’; അതിജീവിതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേളക്ക് തിരിതെളിഞ്ഞു
text_fieldsതിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച 'ക്വട്ടേഷൻ പീഡന'ത്തിന് ഇരയായ അതിജീവിതക്കും ഫാഷിസ്റ്റ് അധിനിവേശത്തിനെതിരെ പൊരുതുന്ന ലോകജനതക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് 30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് തലസ്ഥാനത്ത് തിരിതെളിഞ്ഞു.
പോരാട്ടത്തിന്‍റെ പെൺപ്രതീകമായ അവൾക്കൊപ്പമാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയും സർക്കാറുമെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. പെൺ പോരാട്ടങ്ങൾക്ക് മാതൃകയായാണ് പ്രിയ നടിയെ മലയാളം കാണുന്നത്. 26ാമത് ഐ.എഫ്.എഫ്.കെയിൽ മുഖ്യാതിഥിയായി ആ നടിയെ കൊണ്ടുവരുമ്പോൾ എന്നും എപ്പോഴും അവൾക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു സർക്കാർ ചെയ്തത്. ഇന്ന് അവരുടെ അസാന്നിധ്യത്തിലും അവൾക്കൊപ്പമാണ് ഐ.എഫ്.എഫ്.കെയും സർക്കാറുമെന്നും സജി ചെറിയാൻ പറഞ്ഞു.
നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയായിരുന്നു. ഫലസ്‌തീൻ അംബാസിഡർ അബ്ദുല്ല എം. അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിച്ചു. അഞ്ചു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
സംവിധായകൻ ഷാജി എൻ കരുണിനെക്കുറിച്ചുള്ള പുസ്തകം 'കരുണയുടെ കാമറ' സാംസ്കാരിക മന്ത്രി ഭാര്യ അനസൂയ ഷാജിക്ക് നൽകി പ്രകാശനം ചെയ്യും. ചലച്ചിത്ര മേള കൈപുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആജ്ഞല മോളിന വിയറ്റ്നാമിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകനും ജൂറി അംഗവുമായ ബൂയി തക് ചുയെന് നൽകി പ്രകാശിപ്പിച്ചു. ഡെയിലി ബുള്ളറ്റിൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് നൽകി പ്രകാശനം ചെയ്തു. ചലച്ചിത്ര സമീക്ഷ പ്രത്യേക പതിപ്പ് സംവിധായകൻ കമൽ ബീന പോളിന് കൈമാറി പ്രകാശനം ചെയ്തു.
സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ രാജീവ് നാഥിനെ സാംസ്കാരിക മന്ത്രി ആദരിച്ചു. രാജീവ് നാഥ്നെക്കുറിച്ച് അക്കാദമി തയാറാക്കിയ 'തണൽ' പുസ്തകം ടി.കെ. രാജീവ് കുമാർ കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ. മധുവിന് നൽകി പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, മധുപാൽ, ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സ്വാഗതവും അക്കാദമി ജനറൽ കൗൺസിൽ അംഗം സോഹൻ സീനുലാൽ നന്ദിയും പറഞ്ഞു. തുടർന്ന് ഉദ്ഘാടന ചലച്ചിത്രമായി ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിന്‍റെയും ചരിത്രത്തിന്‍റെയും അടയാളപ്പെടുത്തലുകളുമായി ആൻ മേരി ജാസിർ സംവിധാനം ചെയ്ത 'ഫലസ്തീൻ 36' നിശാഗന്ധിയിൽ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

