Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കി

text_fields
bookmark_border
ഒറ്റ ചാൻസലർ മതിയെന്ന ഭേദഗതി നിർദേശവുമായി വി.ഡി സതീശൻ
Kerala Assembly
cancel

തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള സർവകലാശാല ഭേദഗതി ബിൽ കേരള നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് ശേഷം വീണ്ടുമെത്തിയ ബില്ലാണ് സഭ പാസാക്കിയത്.

അതേസമയം, ബില്ലിനെ എതിർത്ത പ്രതിപക്ഷം ഭേദഗതികൾ നിർദേശിച്ചു. എല്ലാ സർവകലാശാലകൾക്കും കൂടി ഒറ്റ ചാൻസലർ മതിയെന്ന ഭേദഗതി നിർദേശമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നോട്ടുവെച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈകോടതി ചീഫ് ജസ്റ്റിസിനെയോ ചാൻസലറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ചാൻസലർ നിയമനത്തിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കണം. പ്രതിപക്ഷ നേതാവും ഹൈകോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയായിരിക്കണം ചാൻസലറെ നിയമിക്കേണ്ടതെന്ന നിർദേശവും പ്രതിപക്ഷത്ത് നിന്നുണ്ടായി.

ചാൻസലർ നിയമനത്തിന് പ്രത്യേക സമിതി വേണമെന്ന പ്രതിപക്ഷ നിർദേശം ഭാഗികമായി സർക്കാർ അംഗീകരിച്ചു. എന്നാൽ, വിമരിച്ച ജഡ്ജിമാർ വേണമെന്ന ആവശ്യം തള്ളി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവർ സമിതിയിലുണ്ടാകുമെന്ന് നിയമ മന്ത്രി പി. രാജീവ് വ്യക്തമാക്കി.

ബില്ലിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും സർവകലാശാലകളിൽ മാർക്സിറ്റ് വൽകരണത്തിന് ശ്രമിക്കുന്നതായും സതീശൻ ആരോപിച്ചു. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചു.

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുകയാണ് സർവകലാശാല ഭേദഗതി ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഭരണഘടനയിൽ പറയാത്ത ഉത്തരവാദിത്തത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനാണ് നിയമനിർമാണമെന്ന് സർക്കാർ വിശദീകരിക്കുന്നു.

ഗവർണർക്ക് പകരം വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിയമിക്കാനാണ് പദ്ധതി. ഒരേ സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലറാകും ഉണ്ടാവുക.

സർവകലാശാല ഭേദഗതി ബിൽ പാസാക്കിയ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Kerala Assembly passed a bill to remove the Governor from the post of Chancellor
Next Story